യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ആം ആദ്‌മി ദേശീയകൌണ്‍സിലില്‍ നിന്ന് പുറത്ത്

ശനി, 28 മാര്‍ച്ച് 2015 (12:29 IST)
വിമത നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ആം ആദ്‌മി പാര്‍ട്ടിയുടെ ദേശീയ കൌണ്‍സിലില്‍ നിന്ന് പുറത്തേക്ക്. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തകരെ അണിനിരത്തിയത് നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു എന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. യോഗസ്ഥലത്തു നിന്നും പുറത്തെത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഇന്ന് നടന്ന യോഗം ഗൂഡാലോചനപരമായിരുന്നു എന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. മുന്‍ കൂട്ടി തയ്യാറാക്കിയ നാടകമാണ് ഇന്ന് നടന്നത്. യോഗത്തിനിടയിലെ അക്രമം മുന്‍കൂട്ടി തയ്യാറാക്കിയിരുന്നത് ആയിരുന്നെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. അതേസമയം, യോഗത്തില്‍ വോട്ടിംഗ് അനുവദിച്ചില്ലെന്നും ഇത് ജനാധിപത്യത്തിന്റെ ധ്വംസനമാണെന്നും മായങ്ക് ഗാന്ധി പറഞ്ഞു.

നേരത്തെ, ആം ആദ്‌മി പാര്‍ട്ടി ദേശീയ കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ യോഗേന്ദ്ര യാദവിനു നേരെ കൈയേറ്റ ശ്രമം നടന്നിരുന്നു. ദേശീയ കൌണ്‍സില്‍ യോഗം നടക്കുന്ന സ്ഥലത്തിനു മുമ്പില്‍ വെച്ചായിരുന്നു കൈയേറ്റശ്രമം. കെജ്‌രിവാള്‍ അനുകൂലികളായ പ്രവര്‍ത്തകരാണ് യോഗേന്ദ്ര യാദവിനെതിരെ മുദ്രാവാക്യം വിളിക്കുകയും കൈയേറ്റശ്രമം നടത്തുകയും ചെയ്‌തത്.
 
അതേസമയം, തന്നെ എതിരാളിയായി കാണുന്നവര്‍ക്ക് നല്ല ബുദ്ധി ഉണ്ടാകട്ടെ എന്ന് യോഗേന്ദ്ര യാദവ് പ്രതികരിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ഭാവി തീരുമാനിക്കുന്ന യോഗമാണ് നടക്കാന്‍ പോകുന്നതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
 
വേറെ ആരും പറഞ്ഞിട്ടല്ല തങ്ങള്‍ ദേശീയകൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും സ്വന്തം താല്പര്യത്തിലാണ് വന്നതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. കെജ്‌രിവാള്‍ പണം കൊടുത്ത് ആളെ കൊണ്ടുവന്ന് തങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നെന്നും യാദവ് ആരോപിച്ചു. ആം ആദ്‌മി പാര്‍ട്ടി എന്താണെന്ന് സംബന്ധിച്ച് ഇന്നത്തെ യോഗത്തിനു ശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക