യുവ അഭിഭാഷകയെ പീഡിപ്പിച്ചത് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ഗാംഗുലി; അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
വെള്ളി, 29 നവംബര്‍ 2013 (20:23 IST)
PTI
PTI
വിരമിച്ച ജഡ്ജിയില്‍നിന്ന് ലൈംഗിക പീഡനം നേരിടേണ്ടിവന്നുവെന്ന യുവ അഭിഭാഷകരുടെ പരാതി അന്വേഷിച്ച മൂന്നംഗ സമിതി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ കെ ഗാംഗുലിയുടെ മൊഴി അടക്കമുള്ള റിപ്പോര്‍ട്ടാണ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ സമിതി സമര്‍പ്പിച്ചത്. ജസ്റ്റിസ് എ കെ ഗാംഗുലിയാണ് ആരോപണ വിധേയനായ മുന്‍ ജഡ്ജിയെന്ന് ഇതോടെ വ്യക്തമായി.
നിലവില്‍ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ തലവനാണ് ജസ്റ്റിസ് എ കെ ഗാംഗുലി. ഒരു നിയമ വൈബ് സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് യുവ അഭിഭാഷക വിരമിച്ച ജഡ്ജിയില്‍നിന്ന് ലൈംഗിക പീഡനം നേരിടേണ്ടിവന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് സുപ്രീം കോടതി മൂന്നംഗ അന്വേഷണ സമിതി രൂപവത്കരിച്ചു. ജസ്റ്റിസ് ആര്‍ എം ലോധയ്ക്ക് പുറമെ ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തു, രഞ്ജനാ പ്രകാശ് ദേശായി എന്നിവര്‍ ആയിരുന്നു സമിതിയിലെ അംഗങ്ങള്‍ .