യുവതിയെ നിരീക്ഷിക്കല്‍: അന്വേഷണം മരവിപ്പിച്ചു

തിങ്കള്‍, 21 ഏപ്രില്‍ 2014 (10:20 IST)
PRO
യുവതിയെ പൊലീസിനെ ഉപയോഗിച്ച് നിരീക്ഷിച്ച സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരായ അന്വേഷണ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. ജഡ്ജിമാരെ ലഭ്യമാകാത്ത സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം മരവിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം തുടരണമോ എന്ന് പുതുതായി ചുമതലയേല്‍ക്കുന്ന മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. കേസന്വേഷിക്കാന്‍ നിരവധി ജഡ്ജിമാരെ സമീപിച്ചെങ്കിലും എല്ലാവരും വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. നേരത്തെ കേസില്‍ അന്വേഷണം നടത്തി തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പോര്‍ട്ട് പുറത്തുവിടാനായിരുന്നു കേന്ദ്ര തീരുമാനം.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിക്ക് സര്‍ക്കാര്‍ തീരുമാനം ഏറെ ആശ്വാസമാകും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഗുജറാത്ത് സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ചവെന്ന വാര്‍ത്ത വിവാദമായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയമിക്കാനും തീരുമാനിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ കേന്ദ്രം മരവിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക