യാതൊന്നും അനുവദിക്കില്ല; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (20:08 IST)
അടിയന്തര സാഹചര്യങ്ങളിൽ മൊബൈൽ- ഇന്റർനെറ്റ് സേവനങ്ങൾ നിര്‍ത്തിവയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. വാർത്താ വിനിമയ മന്ത്രാലയമാണ് വിഷയത്തില്‍ നീക്കം ശക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ അടിയന്തര സാഹചര്യങ്ങളില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കോ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിക്കോ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കി കൊണ്ടുള്ള ഉത്തരവിറക്കാമെന്ന് വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ എതിര്‍പ്പ് ശക്തമായിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനം മൗലികാവകാശത്തെ ബാധിക്കുന്നതാണെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗൺഡേഷൻ സ്ഥാപകൻ നിഖിൽ പഹ്വ വ്യക്തമാക്കി. രാജ്യത്ത് പല സമയത്തും ഇന്റർനെറ്റ് സേവനങ്ങൾ സര്‍ക്കാര്‍ നിര്‍ത്തിവച്ചിട്ടുണ്ടെന്നും നീക്കത്തെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.