മോഹനനെ കൊന്നത് ടിവി മാധ്യമങ്ങളോ?

ശനി, 5 ഫെബ്രുവരി 2011 (10:16 IST)
PRO
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇളയച്ഛന്‍, കെ മോഹനന്‍ സ്വയം തീകൊളുത്തുന്നതിനെ കുറിച്ച് ചില ടി വി ചാനലുകള്‍ക്ക് മുന്‍‌കൂട്ടി അറിയാമായിരുന്നോ? ഇക്കാര്യം മോഹനന്‍ ചില ചാനലുകളെ അറിയിച്ചിരുന്നു എന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചന.

മുന്‍‌കൂട്ടി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മീഡിയ വാനുമായി എത്തിയ ചാനലുകള്‍ മോഹനന്‍ സ്വയം തീകൊളുത്തുന്ന രംഗം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ചിലര്‍ നേരത്തെ തന്നെ സംഭവം നടന്ന സ്ഥലത്ത് എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

മോഹനനെ രക്ഷിക്കുന്നതിനു പകരം ആത്മാഹൂതി രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനായിരുന്നു ചാനലുകള്‍ മത്സരിച്ചത് എന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പൊലീസ് ഓഫീസര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ആരെയും പേരെടുത്ത് വിമര്‍ശിക്കുന്നതിന് പൊലീസ് ഓഫീസര്‍ തയ്യാ‍റായില്ല.

തന്റെ സഹോദര പുത്രന്‍ അനുഭവിച്ച തീവ്ര വേദന തനിക്കും അനുഭവിക്കണമെന്ന് മോഹനന്‍ ഡയറിയില്‍ എഴുതിയിട്ടുണ്ടായിരുന്നു. മുംബൈ ഭീകരാക്രമണം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായിരുന്നു. ആക്രമണത്തില്‍ വീര ചരമമടഞ്ഞ സന്ദീപിന് വേണ്ട പരിഗണ നല്‍കാന്‍ ആരും തയ്യാറായില്ല എന്നും മോഹനന്റെ ഡയറിയില്‍ എഴുതിയിട്ടുണ്ടായിരുന്നത്രേ.

വെബ്ദുനിയ വായിക്കുക