മൊബൈലിനു വേണ്ടി 12 കാരനെ കൊന്നു!

ശനി, 24 ജൂലൈ 2010 (09:17 IST)
മാനം കാക്കല്‍ കൊലപാതകങ്ങളുടെ നാ‍ടായ ഹരിയാനയില്‍ നിന്ന് രക്തം മരവിക്കുന്ന ഒരു കൌമാരക്കൊലപാതകത്തിന്റെ കഥ കൂടി. മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു 14 കാരന്‍ 12 കാരനെ കഴുത്തറത്ത് കൊന്നു!

റേവാരി ടൌണിലെ ആനന്ദനഗര്‍ കോളനിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ഇരയായ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍ സ്വന്തമാക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നാണ് കൊല നടന്നതെന്ന് പൊലീസ് അനുമാനിക്കുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് കുട്ടികളും കുടിയേറ്റക്കാ‍രായ തൊഴിലാളികളുടെ മക്കളാണ്. കൊലപാതകം ചെയ്തു എന്ന് സംശയിക്കുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഇപ്പോള്‍ ഒളിവിലാണ്.

കഴുത്തറത്ത് കൊന്ന ശേഷം വഴിയരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൂന്നാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കണ്ടെടുക്കുമ്പോള്‍ തല ഉടലില്‍ നിന്ന് വേര്‍പെട്ട നിലയിലായിരുന്നു എന്നും പൊലീസ് പറയുന്നു.

വെബ്ദുനിയ വായിക്കുക