മെഡിക്കല്‍ പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

തിങ്കള്‍, 13 മെയ് 2013 (20:13 IST)
PRO
PRO
എംബിബിഎസ്, മെഡിക്കല്‍, ഡെന്റല്‍, പിജി പ്രവേശനത്തിന് ഈ വര്‍ഷം ദേശീയ തലത്തില്‍ ഏകീകൃത പൊതുപ്രവേശന പരീക്ഷ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ കോളേജുകളുടെ കണ്‍സോര്‍ഷ്യങ്ങളും നടത്തിയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് പ്രവേശനം നടത്താം. പരീക്ഷ നടത്താത്തവര്‍ക്ക് ഏകീകൃത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനമാകാമെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതി വിധിയോടെ ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ഒഴിവായിരിക്കുന്നത്. അതേസമയം പ്രവേശന പരീക്ഷ സംബന്ധിച്ച അന്തിമ വിധി ജൂലൈ രണ്ടിന് പുറപ്പെടുവിക്കുമെന്നും അതുവരെ ഇടക്കാല ഉത്തരവിന് കാലാവധിയുണ്ടെന്നും സുപ്രീംകോടതി വിധി പ്രസ്താവത്തില്‍ പറയുന്നു.

ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍, ജസ്റ്റീസുമാരായ വിക്രംജിത് സെന്‍, അനില്‍ ദവെ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ നാലു മാസമായി കേസില്‍ വാദം കേട്ട് വരികയായിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ട് വെച്ച ഏകീകൃത പൊതു പ്രവേശന പരീക്ഷ സ്വകാര്യ കോളേജുകള്‍ അംഗീകരിക്കാതിരുന്നതോടെയാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്. സ്വകാര്യ കോളേജ് മാനെജ്‌മെന്റുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വെബ്ദുനിയ വായിക്കുക