മൂന്ന് സംസ്ഥാനങ്ങളില്‍ ഒക്ടോ 13 ന് തെരഞ്ഞെടുപ്പ്

തിങ്കള്‍, 31 ഓഗസ്റ്റ് 2009 (18:07 IST)
മഹാരാഷ്ട്ര, ഹരിയാന, അരുണാചല്‍ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ 13 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചവ്‌ളയാണ് തീയതി പ്രഖ്യാപിച്ചത്.

വോട്ടെടുപ്പ് നടന്ന് ഒമ്പത് ദിവസത്തിനു ശേഷമായിരിക്കും വോട്ടെണ്ണല്‍ നടക്കുക. മൂന്ന് സംസ്ഥാനങ്ങളിലും സെപ്തംബര്‍ 18-25 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍‌വലിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 29 ആയിരിക്കുമെന്നും ചവ്‌ള പറഞ്ഞു.

മഹാരാഷ്ട്രയില്‍ 288 ഉം ഹരിയാനയില്‍ 90 ഉം അരുണാചലില്‍ 60ഉം അംഗ നിയമസഭയാണ്. മഹാരാഷ്ട്രയില്‍ 82,028 പോളിംഗ് കേന്ദ്രങ്ങള്‍ ഉണ്ടാവും. ഹരിയാനയില്‍ 12,894 ഉം അരുണാചലില്‍ 206 ഉം പോളിംഗ് കേന്ദ്രങ്ങളായിരിക്കും സജ്ജീകരിക്കുക.

മഹാരാഷ്ട്രയിലെയും അരുണാചലിലെയും നിയമസഭകളുടെ കാലാവധി യഥാക്രമം ഒക്ടോബര്‍ 24, നവംബര്‍ മൂന്ന് തീയതികളിലാണ് അവസാനിക്കുക. ഹരിയാന നിയമസഭ കാലാവധി പൂര്‍ത്തിയാവും മുമ്പേ പിരിച്ചു വിടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക