മുസാഫര്‍നഗര്‍ ശാന്തമാകുന്നു; സമാധാന പരിപാടികള്‍ പുരോഗമിക്കുന്നു; മരണപ്പെട്ടവര്‍ 48
വ്യാഴം, 12 സെപ്‌റ്റംബര്‍ 2013 (12:56 IST)
PTI
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ വര്‍ഗീയ സംഘര്‍ഷത്തിന്റെ രൂക്ഷത കുറയുന്നു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാല്‍പ്പത്തിയെട്ടായി. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് നിശാനിയമത്തില്‍ അഞ്ചു മണിക്കൂര്‍ ഇളവ് അനുവദിച്ചു.
കലാപത്തില്‍ ഇതുവരെ 1500 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായ ബാഗ്പതില്‍ ഒരു പൊലീസുകാരനു പരുക്കേറ്റതൊഴിച്ചാല്‍ മറ്റ് അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന പൊലീസിനൊപ്പം സി.ആര്‍പിഎഫ്, ദ്രുതകര്‍മ്മസേന, ഐടിബിപി, പിഎസി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നാലായിരം ഭടന്മാര്‍ നിയുക്തരായിട്ടുണ്ട്.
ഇരുവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തും പരസ്പര ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയും സമാധാനം പുനഃസ്ഥാപിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇരു വിഭാഗങ്ങളെയും വിളിച്ച് ചേര്‍ത്ത് സമാധാനപരമായി കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ് പൊലീസ് ഉന്നതാധികാരികള്‍ ശ്രമിക്കുന്നത്. കലാപത്തിനിടയില്‍ കൊല്ലപ്പെട്ട ടിവി റിപ്പോര്‍ട്ടറുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
PTI
എന്നാല്‍ കലാപം തീര്‍ക്കാന്‍ നോക്കുമ്പോഴും പ്രദേശത്ത് പ്രകോപനപരമായ സന്ദേശങ്ങള്‍ വ്യാപിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് ഫെയ്സ് ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള വെബ്സൈറ്റുകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. കലാപം ആദ്യം പൊട്ടി പുറപ്പെട്ടപ്പോള്‍ പൊലീസിന് അടിച്ചമര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ യൂട്യൂബില്‍ പ്രചരിച്ച വീഡീയോ ദൃശ്യങ്ങളായിരുന്നു കലാപം ഇത്രയും രൂക്ഷതയിലെത്തിക്കാന്‍ കാരണമായത്.
ഇതിനിടെ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്തിയവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് കേസെടുക്കുകയാണ് പൊലീസ്. എന്നാല്‍ കലാപത്തിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജിവെയ്ക്കണമെന്നാണ് യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
കലാപം അടിച്ചമര്‍ത്താന്‍ സാധിക്കാത്ത യുപി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ഡല്‍ഹിയില്‍ വിവിധ മുസ്ലീം സംഘടനകള്‍ നടത്തിയ പ്രകടനങ്ങളില്‍ ആവശ്യപ്പെട്ടു. എത്രയും പെട്ടന്ന് തന്നെ സമാധാനപരിപാടികളിലൂടെ പ്രദേശത്ത് ശാന്തി കൈവരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.