മുല്ലപ്പെരിയാര്‍: സര്‍വേ നടത്തരുതെന്ന് ആവശ്യം

വ്യാഴം, 24 സെപ്‌റ്റംബര്‍ 2009 (20:18 IST)
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി സര്‍വേ നടത്തരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി കേന്ദ്ര സര്‍ക്കാരിന് കത്തു നല്‍കി. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിനാണ് കത്ത് നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രി എ രാജയാണ് കത്ത് കൈമാറിയത്.

അതേ സമയം സര്‍വേ നടത്താനുള്ള അനുമതി താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചനയുണ്ട്. കേന്ദ്രമന്ത്രി ജയറാം രമേശ് ഇതു സംബന്ധിച്ച് എ രാജയ്ക്ക് ഉറപ്പ് നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സര്‍വേ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ആവശ്യപ്പെട്ടതായി എ രാജ പ്രസ്താവന നടത്തിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയുണ്ടായിട്ടില്ലെന്ന് സംസ്ഥാന ജല വിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു,

സര്‍വേയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിന് അനുമതി നല്‍കിയത് തമിഴക രാഷ്ട്രീയത്തില്‍ വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കരുണാനിധി സര്‍ക്കാര്‍ തമിഴ് ജനതയെ വഞ്ചിക്കുകയാണെന്ന് ജയലളിത കുറ്റപ്പെടുത്തിയിരുന്നു. സര്‍വേയ്ക്കുള്ള അനുമതി തമിഴ്നാട് സര്‍ക്കാരിന്‍റെ പരാജയമായാണ് കാണേണ്ടതെന്ന് തമിഴര്‍ ദേശീയ ഇയക്കം നേതാവ് പി നെടുമാരനും ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക