മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമവാദം ഇന്ന് തുടങ്ങും
ചൊവ്വ, 23 ജൂലൈ 2013 (13:09 IST)
PRO
PRO
മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമവാദം ഇന്ന് മുതല്‍ സുപ്രീംകോടതിയില്‍ തുടങ്ങും. ഏഴ് വര്‍ഷം നീണ്ട കേസിന്റെ അന്തിമവാദമാണ് തുടങ്ങുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിശ്ചയിച്ച് കേരള നിയമസഭ പാസാക്കിയ നിയമം, സുപ്രീംകോടതി വിധി മറികടക്കാനാണ് എന്നാകും തമിഴ്‌നാടിന്‍റെ പ്രധാന വാദം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് 2006ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ദിവസങ്ങള്‍ക്കകം ജലനിരപ്പ് 136 അടിയായി നിശ്ചയിച്ച് കേരള നിയമസഭ പ്രമേയം പാസ്സാക്കി. ഇതിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി അദ്യം പരിഗണിച്ച് മൂന്നംഗ ബെഞ്ച് 2009ല്‍ ഭരണഘടനാ ബെഞ്ചിന് വിട്ടു.
ജസ്റ്റീസ് എ എസ് ആനന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതിയെ പ്രശ്‌നം പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഭരണഘടനാ ബെഞ്ച് നിയോഗിച്ചു. കേരളത്തിന്റെ പ്രതിനിധിയായ ജസ്റ്റീസ് കെ ടി തോമസ് അടക്കമുള്ള സമിതി അണക്കെട്ട് സുരക്ഷിതമാണെന്ന നിലപാടാണ് സ്വീകരിച്ചത്.
തമിഴ്‌നാടിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിനേദ് ബോപ്‌ഡെ ഹാജരാകും. കേരളത്തിന് വേണ്ടി രാജീവ് ധവാന്‍, മോഹന്‍ കത്താര്‍ക്കി, വി വി ഗിരി, രമേശ് ബാബു എന്നിവരാകും ഹാജരാവുക.