കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ വാഹനത്തില്‍ ഇടിച്ച ഇന്‍ഡിക്ക കാറിന്‍റെ ഡ്രൈവര്‍ അറസ്റ്റില്‍. ഇംപീരിയല്‍ ഹോട്ടലില്‍ ജോലിചെയ്യുന്ന ഗുര്‍ജിന്ദര്‍ സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 6.20നാണ് ഗുര്‍ജിന്ദര്‍ സിംഗ് ഓടിച്ച കാര്‍ സിഗ്നല്‍ തെറ്റിച്ച് മുണ്ടെയുടെ കാറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് ഗോപിനാഥ് മുണ്ടെയ്ക്ക് ശക്തമായ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.
പൃഥ്വിരാജ് റോഡ് - തുഗ്ലക് റോഡ് റൗണ്ട് എബൗട്ടില്‍ വച്ചായിരുന്നു അപകടം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെയും വീടിന് സമീപമായിരുന്നു അപകടം. അപകടമുണ്ടായ ഉടന്‍ തന്നെ ഡ്രൈവറില്‍ നിന്ന് ഗോപിനാഥ് മുണ്ടെ വെള്ളം വാങ്ങിക്കുടിച്ചു. പിന്നീട് ബോധരഹിതനായി. ഉടന്‍ തന്നെ മുണ്ടെയെ എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാഡിമിടിപ്പ് നിലച്ച നിലയിലായിരുന്നു. അമ്പത് മിനിറ്റോളം അദ്ദേഹത്തെ രക്ഷിക്കാനുള്ള തീവ്രശ്രമം ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും ഗോപിനാഥ് മുണ്ടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
‘മൂന്ന്‘ എന്നത് നിര്‍ഭാഗ്യ സംഖ്യയാണ് മുണ്ടെയ്ക്കും മഹാജന്‍ കുടുംബങ്ങള്‍ക്കും. ഈ കുടുംബങ്ങളുടെ ഉറ്റവരെ തേടി മരണമെത്തിയത് ഏതെങ്കിലും മൂന്നാം തീയതി ആയിരുന്നു. നിര്‍ഭാഗ്യസംഖ്യയെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തല്‍ അന്തരിച്ച പ്രവീണ്‍ മഹാജന്റെ ഭാര്യ സാരംഗി മഹാജന്റേതാണ്.