മുംബൈ: വീണ്ടും സ്യൂട്ട്‌കെയ്സില്‍ മൃതദേഹം

ബുധന്‍, 16 മാര്‍ച്ച് 2011 (11:26 IST)
WD
മുംബൈയിലെ സാന്‍ഡര്‍സ്റ്റ് റയില്‍‌വെ സ്റ്റേഷന് സമീപം സ്യൂട്ട്‌കെയ്സില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം തവണയാണ് മുംബൈയില്‍ സ്യൂട്ട്‌കെയ്സില്‍ അടക്കം ചെയ്ത നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്.

അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജുഹൂ ബീച്ചിന് സമീപത്താണ് സ്യൂട്ട്‌കെയ്സില്‍ അടക്കം ചെയ്ത നിലയില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. രണ്ട് സംഭവങ്ങള്‍ക്കും സമാനതയുള്ളതിനാല്‍ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരേ കരങ്ങളായിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.

ചൊവ്വാഴ്ച വെളുപ്പിന് രണ്ട് മണിയോടെയാണ് റയില്‍‌വെ സ്റ്റേഷനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന സ്യൂട്ട്‌കെയ്സില്‍ മൃതദേഹം കണ്ടത്. ഒരാള്‍ പ്ലാറ്റ്ഫോമില്‍ ഒരു സ്യൂട്ട്‌കെയ്സ് ഉപേക്ഷിച്ചു കടന്നുകളഞ്ഞതായി സമീപവാസിയാണ് പൊലീസിനെ അറിയിച്ചത്. സ്യൂട്ട്‌കെയ്സില്‍ ബോംബാണെന്നായിരുന്നു പൊലീസില്‍ വിവരമറിയിച്ച ആളുടെ സംശയം. സ്യൂട്ട്‌കെയ്സ് പ്ലാറ്റ്ഫോമില്‍ വച്ചയാള്‍ വളരെ നേരം കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെ തുടര്‍ന്നാണ് സമീപവാസിയായ ആള്‍ പൊലീസില്‍ വിവരം അറിയിച്ചത്.

പൊലീസ് എത്തി സ്യൂട്ട്‌കെയ്സ് പരിശോധിച്ചപ്പോഴാണ് 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടത്. മുഖത്ത് മുറിവേറ്റ പാ‍ടുകള്‍ ഉണ്ടായിരുന്നു. മരിക്കും മുമ്പ് യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടാവാം എന്ന് പൊലീസ് സംശയിക്കുന്നു.

വെബ്ദുനിയ വായിക്കുക