മുംബൈ ഭീകരാക്രമണ കേസ്: പാകിസ്ഥാന്റെ വാദം ഇന്ത്യ തള്ളി

ശനി, 26 ഒക്‌ടോബര്‍ 2013 (19:48 IST)
PRO
PRO
മുംബൈ ഭീകരാക്രമണ കേസില്‍ തെളിവുകള്‍ കൈമാറിയില്ലെന്ന പാകിസ്ഥാന്റെ വാദം ഇന്ത്യ തള്ളി. ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാനിലായത് കൊണ്ട് മുഴുവന്‍ തെളിവുകളും അവിടെയുണ്ടെന്നും നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി വാഷിംഗ്ടണില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുംബൈ ഭീകരാക്രമണ കേസിലെ നിയമ നടപടികള്‍ ചര്‍ച്ചാ വിഷയമായിരുന്നു.

കേസിലെ ഇന്ത്യയുടെ ആശങ്കകള്‍ പാകിസ്ഥാനെ അറിയിച്ച ഒബാമ പ്രതികളുടെ വിചാരണ ഇനിയും ആരംഭിക്കാത്തതിനെ ചോദ്യം ചെയ്തതയാണ് സൂചനകള്‍. കൂടിക്കാഴ്ച്ചക്ക് ശേഷം പാക് വിദേശകാര്യമന്ത്രാലയമാണ് കേസില്‍ ഇനിയും തെളിവുകള്‍ ആവശ്യമാണെന്ന് അറിയിച്ചത്. എന്നാല്‍ ഇന്ത്യ വിവരങ്ങള്‍ കൈമാറിയിട്ടും തെളിവില്ലെന്ന പാകിസ്താന്റെ വാദം ശരിയല്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണം പൂര്‍ണമായും ആസൂത്രണം ചെയ്തത് പാകിസ്ഥാനില്‍ വെച്ചാണ്. ഭീകരര്‍ക്ക് പരിശീലനവും ആക്രമണത്തിനുള്ള സാമ്പത്തിക സഹായവും നല്‍കിയത് പാകിസ്ഥാനില്‍ ആയതുകൊണ്ട് 99 ശതമാനം തെളിവുകളും അവിടെ തന്നെയുണ്ട്.

സെപ്തംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച പാക് ജുഡീഷ്യല്‍ കമ്മീഷനുമായി പൂര്‍ണമായും സഹകരിച്ചിരുന്നു.ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ഈ മാസം പാക് സ്ഥാനപതിക്ക് കൈമാറി. നേരത്തെ നല്‍കിയ ഉറപ്പ് പ്രകാരം ഇനി നീതി നടപ്പാക്കേണ്ട കടമ പാകിസ്ഥാനാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് സൈദ് അക്ബറുദിന്‍ പറഞ്ഞു. ഒബാമയുടെ ഇടപെടലിലൂടെ ഭീകരാക്രമണക്കേസിലെ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകുമെന്ന ഇന്ത്യയുടെ പ്രതീക്ഷക്കിടെയാണ് പാകിസ്ഥാന്റെ നിഷേധാത്മക സമീപനം.

വെബ്ദുനിയ വായിക്കുക