മുംബൈ: പാക് സൈനികനും പങ്ക്‌

വ്യാഴം, 26 ഫെബ്രുവരി 2009 (10:55 IST)
നവംബറിലെ മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ സൈനികനും പങ്കെന്ന് മുംബൈ പൊലീസ്. കഴിഞ്ഞ ദിവസം മുംബൈ ക്രൈംബ്രാഞ്ച് കോടതിയില്‍ മുബൈ ആക്രമണത്തെക്കുറിച്ച് പൊലീസ് സമര്‍പ്പിച്ച 11,509 പേജ് വരുന്ന കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.

ഇന്‍റര്‍നെറ്റ്‌ ടെലിഫോണ്‍ വഴി ആക്രമണത്തിനെത്തിയ തീവ്രവാദികളുമായി സംസാരിച്ചതില്‍ ഇപ്പോള്‍ സര്‍വീസിലുള്ള ഒരു പാക് സൈനികനും ഉണ്ടെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പാക് സേനയിലെ സിഗ്നല്‍ കോര്‍പ്സ് വിഭാഗത്തില്‍ നിലവില്‍ കേണല്‍ പദവിയിലുള്ള ആര്‍ സദത്തുള്ളയുടെ പേരാണ്‌ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്‌. പാക് അധീന കശ്മീരിലും സംഘര്‍ഷ ബാധിതമായ വടക്കന്‍ പാകിസ്ഥാനിലും മാത്രമാണ് സിഗ്നല്‍ കോര്‍പ്സ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ സദത്തുള്ളയും തീവ്രവാദികളും തമ്മില്‍ നടന്ന സംഭാഷണത്തെ കുറിച്ച്‌ കുറ്റപത്രത്തില്‍ വ്യക്‌തമാക്കുന്നില്ല. 58 മണിക്കൂര്‍ നീണ്ട മുംബൈ ആക്രമണത്തിനിടെ തീവ്രവാദികള്‍ 284 തവണയായി ആകെ 995 മിനുട്ട് മൊബൈല്‍ ഫോണില്‍ സംസാരിച്ചതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

38 പേരെയാണ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നത്. ഇതില്‍ മൂന്നു പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. 35 പേരെ ഇനിയും പിടികൂടാനുണ്ട്. പാക് സൈന്യത്തിലെ രണ്ടു പേരുടെ പങ്കിനെ കുറിച്ച്‌ അന്വേഷിക്കുന്നുണ്ടെന്ന്‌ ജോയിന്‍റ് കമ്മിഷണര്‍ രാകേഷ്‌ മരിയ പറഞ്ഞു. ഇവര്‍ ഇപ്പോള്‍ സര്‍വീസിലുള്ളതോ വിരമിച്ചവരോ ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക