നവംബറിലെ മുംബൈ ഭീകരാക്രമണക്കേസില്‍ മുംബൈ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. 180 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ച് 5000 പേജുള്ള കുറ്റപത്രമാണ് പൊലീസ് മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കാനയി തയ്യാറാക്കിയിരിക്കുന്നത്.
ഭീകരാക്രമണത്തിനിടെ പിടിയിലായ ഒരേയൊരു തീവ്രവാദി അജ്മല്‍ അമീര്‍ കസബിന് മേല്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, വധം, വധശ്രമം തുടങ്ങിയവയ്ക്ക് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമാണു കുറ്റം ചുമത്തിയിരിക്കുന്നതെന്ന് മോക്ക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കസബിനു പുറമെ ഭീകരാക്രമണത്തിന്‍റെ പ്രധാന സൂത്രധാരനെന്നു സംശയിക്കുന്ന സാക്കിര്‍ - ഉര്‍ - റഹ്മാന്‍ ലഖ്‌വി, യൂസഫ് മുസാഫില്‍ തുടങ്ങി പാക്കിസ്ഥാനില്‍ ഒളിവിലെന്നു സംശയിക്കുന്ന മറ്റ് 20 പേരും കുറ്റപത്രത്തിലുണ്ട്.
എന്നാല്‍, മുംബൈ സംഭവത്തിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ളവര്‍ പ്രവര്‍ത്തിച്ചുണ്ടെന്ന് പാക് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും അന്വേഷണം സംബന്ധിച്ച് പൂര്‍ണമായ സഹകരണം ഇന്ത്യയ്ക്ക് ലഭിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
തീവ്രവാദം ഉന്‍മൂലനം ചെയ്യാന്‍ പാകിസ്ഥാന്‍ കൈക്കൊള്ളുന്ന നടപടികള്‍ അപര്യാപ്തമാണെന്ന് പറഞ്ഞ പ്രണാബ് മുഖര്‍ജി ഇന്ത്യയുമായുള്ള സമാധാന പ്രക്രിയകള്‍ തുടരാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീവ്രവാദം തുടച്ചുനീക്കാനായി കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും വ്യക്തമാക്കി.