മാവോകള്‍ ബന്ദിയാക്കിയ കളക്‍ടര്‍ മോചിതനായി

വ്യാഴം, 24 ഫെബ്രുവരി 2011 (21:00 IST)
ഒറീസയില്‍ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ കളക്ടറെ വിട്ടയച്ചു. കഴിഞ്ഞ ഒമ്പതുദിവസമായി ബന്ദിയായിരുന്ന മാല്‍കന്‍ഗിരി ജില്ലാ കളക്ടര്‍ ആര്‍ വിനീല്‍ കൃഷ്ണ(30)യെയാണ് വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് വിട്ടയച്ചത്. കളക്ടറോടൊപ്പം ബന്ദിയാക്കാപ്പെട്ട ജൂനിയര്‍ എന്‍ജിനീയര്‍ പവിത്ര മാജി(22) കഴിഞ്ഞ ദിവസം മോചിതനായിരുന്നു.

ഗണ്ഡി പ്രസാദ് ഉള്‍പ്പടെയുള്ള മാവോ നേതാക്കളെ വിട്ടയയ്ക്കണമെന്ന് മാവോവാദികള്‍ നിബന്ധന വച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ഉപാധികളിലൊന്നും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുന്നതിന് മുമ്പാണ് കളക്ടറെ അവര്‍ വിട്ടയച്ചിരിക്കുന്നത്. നേരത്തേ, മാവോവാദികള്‍ മുന്നോട്ടുവച്ച 14 ഉപാധികള്‍ ഒറീസ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് വിനീല്‍ കൃഷ്ണയെ മാവോവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഗോത്രവര്‍ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് സന്ദര്‍ശനം നടത്തി മടങ്ങുമ്പോഴായിരുന്നു കളക്ടറെ സായുധസംഘം കടത്തിക്കൊണ്ടുപോയത്.

ഒന്നര വര്‍ഷം മുമ്പാണ് വിനീല്‍ കൃഷ്ണ മാല്‍കന്‍ഗിരി കളക്ടറായി നിയമിതനായത്. വിട്ടയക്കപ്പെട്ട വിനീല്‍ ആരോഗ്യവാനായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനീല്‍ കൃഷ്ണയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ ഒരിക്കലും ആഗ്രഹിച്ചില്ലെന്ന് മധ്യസ്ഥനായ ഹര്‍ഗോപാല്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക