മായയുടെ സന്ദര്‍ശനം, രോഗി ദാഹിച്ച് മരിച്ചു!

ഞായര്‍, 27 ഫെബ്രുവരി 2011 (12:07 IST)
PTI
യുപി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കാരണം ഒരു രോഗി വെള്ളം കിട്ടാതെ മരിച്ചു എന്ന് റിപ്പോര്‍ട്ട്. മായാവതി വെള്ളിയാഴ്ച യുപിയിലെ മിര്‍സാപൂര്‍ ടൌണിലെ ജില്ലാ ആശുപത്രി സന്ദര്‍ശനം നടത്തിയ സമയത്താണ് ചികിത്സയിലിരുന്ന രോഗി മണിക്കൂറുകളോളം വെള്ളത്തിനായി കേണ ശേഷം മരണത്തിന് കീഴടങ്ങിയത്!

സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായി മായാവതി നടത്തുന്ന സന്ദര്‍ശനമാണ് രാം ബിലാസ് എന്ന വൃക്ക രോഗിയുടെ ജീവനെടുത്തത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു രണ്ട് മണിക്കൂര്‍ മുമ്പുതന്നെ രോഗികളുടെ കൂട്ടിരിപ്പുകാരെയെല്ലാം ആശുപത്രിയധികൃതര്‍ വാര്‍ഡിനു വെളിയിലാക്കിയിരുന്നു. വൃക്ക രോഗിയായ രാം ബിലാസ് ഓരോ മണിക്കൂറിലും വെള്ളം ആവശ്യപ്പെടുമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കൂട്ടിരുപ്പുകാരെ വെളിയിലാക്കിയ സമയത്ത് ദാഹമനുഭവപ്പെട്ടതു മൂലം രാം ബിലാസ് പലതവണ വെള്ളം ആവശ്യപ്പെട്ടത്രേ. എന്നാല്‍, മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തറതൊടാതെ ഓടിയിരുന്ന ആശുപത്രി ജോലിക്കാര്‍ രാം ബിലാസിന്റെ രോദനത്തിനു ചെവികൊടുത്തില്ല. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞപ്പോഴേക്കും രാം ബിലാസ് ദാഹജലത്തിനായുള്ള ആഗ്രഹം ബാക്കിവച്ച് ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.

മായാവതിയുടെ സന്ദര്‍ശനം നടക്കുമ്പോള്‍ അധികൃതര്‍ പരാതിക്കാരായ പൊതുജനങ്ങളെ അവരുടെ അടുത്ത് എത്തിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നത് പരക്കെയുള്ള പരാതിക്ക് ഇട നല്‍കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ നടപടിയില്‍ അതൃപ്തരായ ഒരു കൂട്ടം സ്ത്രീകള്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതും ഈയിടെ മാധ്യമങ്ങളില്‍ സ്ഥാനം‌പിടിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക