രാമസേതു പ്രശ്നത്തില്‍ രാമന്‍ ഉണ്ട് എന്നതിന്‍ ചരിത്രപരമായ തെളിവില്ല എന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയാതെ ബിജെപിക്ക് വിശ്രമമില്ലെന്ന് എല്‍ കെ അദ്വാനി. തിരുനല്‍വേലിയില്‍ നടക്കുന്ന ബിജെപിയുടെ തമിഴ്നാട് സംസ്ഥാന സമിതിയിലാണ് അദ്വാനി ഇങ്ങനെ പറഞ്ഞത്.
സര്‍ക്കാരിന്‍റേയും, പ്രധാനമന്ത്രിയുടേയും, യുപിഎ അധ്യക്ഷയുടേയും ഉത്തരവാദിത്വമാണ് അത്. സത്യവാങ്മൂലം പിന്‍വലിച്ചു എന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ല. ഇന്ത്യന്‍ ജനതക്ക് മുന്നില്‍ സര്‍ക്കാര്‍ നിരുപാധികം മാപ്പ് പറയാതെ വിശ്രമമില്ല. രാമജന്മഭൂമി പ്രക്ഷോഭ സമയത്ത് രാമന്‍ ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ രാമന്‍ ഒരു സങ്കല്പം മാത്രമാണെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ അദ്ഭുതം തോന്നുന്നെന്നും അദ്വാനി പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എന്നും രാമരാജ്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഗാന്ധിജിയുടെ സമാധിയില്‍ നിന്ന് ‘ഹേ റാം’ എന്ന വാക്യം അവര്‍ എടുത്ത് കളയുമോ. തമിഴ് നാട്ടിലെ പല നേതാക്കള്‍ക്കും സേതുസമുദ്രം പദ്ധതി നടക്കണം എന്നതിനേക്കാളും രാമസേതു തകര്‍ക്കാനാണ് ഇഷ്ടം എന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.