മാധവന്‍ നായരും അഴിമതിയിലെ ഭാഗഭാക്കോ?

ചൊവ്വ, 29 മാര്‍ച്ച് 2011 (08:50 IST)
PRO
വിവാദമായ എസ് ബാന്‍ഡ് അഴിമതി ഇടപാടിലേക്ക് ഐ‌എസ്‌ആര്‍‌ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരുടെ പേരും വലിച്ചിഴയ്ക്കപ്പെടുന്നു. ഐ‌എസ്‌ആര്‍‌ഒയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ ഫെബ്രുവരിയില്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് മാധവന്‍ നായര്‍ മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നുള്ള പരോക്ഷ പ്രസ്താവന ഉള്ളത്. മാധവന്‍ നായര്‍ ഈ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാധാകൃഷ്ണന്റെ കത്തില്‍ പറയുന്നത് അനുസരിച്ച് രണ്ട് കാര്യങ്ങളാണ് മാധവന്‍ നായര്‍ ചെയ്തിരിക്കുന്നത്. എസ്ബാന്‍ഡ് കരാര്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭയ്ക്ക് മാധവന്‍ നായര്‍ 2005-ല്‍ നല്‍‌കിയ ശുപാര്‍ശയില്‍ ജിസാറ്റ് 6, ജിസാറ്റ് 6എ എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഐ‌എസ്‌ആര്‍‌ഒയും സ്വകാര്യ കമ്പനിയായ ദേവാസ് കോര്‍പ്പറേഷനും തമ്മില്‍ 2005 ജനുവരിയില്‍ ഏര്‍പ്പെട്ട കരാറിനെ പറ്റി ഒരക്ഷരം പറയുന്നില്ല. സാറ്റലൈറ്റ് വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ നല്‍കണമെന്ന ആവശ്യവുമായി നിരവധി കമ്പനികള്‍ ഐ‌എസ്‌ആര്‍‌ഓയെ സമീപിച്ചിരുന്ന എന്ന വിവരവും മാധവന്‍ നായര്‍ പൂഴ്ത്തിയെത്രെ.

കേന്ദ്രമന്ത്രിസഭയ്ക്ക് നിര്‍ണായക തീരുമാനം എടുക്കാന്‍ സഹായകമായ രണ്ട് സുപ്രധാന വിവരങ്ങള്‍ മറച്ചുവച്ചുകൊണ്ട് മാധവന്‍ നായര്‍ മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ആരോപണം. ഇതിനെ തുടര്‍ന്നാണെത്രെ, ദേവാസിന് 70 മെഗാഹെട്സ് എസ് ബാന്‍ഡ് സ്പെക്ട്രം 1,000 കോടി രൂപയ്ക്കു നല്‍കാനുള്ള കരാര്‍ ഉണ്ടായത്.

രണ്ട് ലക്ഷം കോടി രൂപ വാണിജ്യമൂല്യമുള്ള കരാര്‍ ചുളുവിലയായ 1,000 കോടി രൂപയ്ക്കാണ് ദേവാസിന് ലഭിച്ചത്. ഐഎസ്ആര്‍ഒ വിക്ഷേപിക്കാനിരിക്കുന്ന രണ്ട് ഉപഗ്രഹങ്ങളിലെ 90% ട്രാന്‍സ്പോണ്ടറുകള്‍ ദേവാസിനു നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു കരാര്‍. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ മുന്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നു രൂപീകരിച്ച സ്വകാര്യ കമ്പനിയാണ് ദേവാസ് എന്നത് മറ്റൊരുകാര്യം.

എസ് ബാന്‍ഡ് സ്പെക്ട്രം ദേവാസ് മള്‍ട്ടിമീഡയയ്ക്കു നല്‍കിയതിലൂടെ രണ്ടു ലക്ഷം കോടിയുടെ നഷ്ടമുണ്ടായി എന്നതിനെ ചുറ്റിപ്പറ്റിയാണ് ‘എസ് ബാന്‍ഡ്’ അഴിമതി വിവാദം ഉയര്‍ന്ന് വന്നിരിക്കുന്നത്. കെ രാധാകൃഷ്ണന്റെ കത്ത് മാധ്യമങ്ങള്‍ ചോര്‍ത്തിയതോടെ മാധവന്‍ നായരുടെ പേരും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ്.

വെബ്ദുനിയ വായിക്കുക