മന്‍മോഹന്‌ പാകിസ്‌താനിലേക്ക്‌ ക്ഷണം

വ്യാഴം, 31 മാര്‍ച്ച് 2011 (09:44 IST)
PRO
PRO
മൊഹാലിയില്‍ ക്രിക്കറ്റിലും നയതന്ത്രത്തിലും ഇന്ത്യ ഒരുപോലെ മധുരം നുണയുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിനുശേഷം കരിനിഴല്‍ വീണ ഇന്ത്യ-പാക് ബന്ധത്തില്‍ വീണ്ടും സൗഹൃദം വിരിയുകയാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ക്ഷണം സ്വീകരിച്ച്‌ മൊഹാലിയിലെ ഇന്ത്യ-പാക്‌ സെമിഫൈനല്‍ കാണാന്‍ പാകിസ്‌താന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയെത്തിയതോടെയാണിത്. പാകിസ്‌താന്‍ സന്ദര്‍ശിക്കാന്‍ ഗിലാനി മന്‍മോഹനെ ക്ഷണിക്കുകയും ചെയ്‌തു. എന്നാല്‍ ഇതിന്റെ തീയതിയും മറ്റു വിശദാംശങ്ങളും പിന്നീട് തീരുമാനിക്കും.

സ്‌റ്റേഡിയത്തിലെ വി വി ഐ പി ഗാലറിയില്‍ ഇരുപ്രധാനമന്ത്രിമാരും ഒപ്പമിരുന്നാണ് തീപാറുന്ന പോരാട്ടം വീക്ഷിച്ചത്. അതിനിടെ ഇരുവരും മാറിയിരുന്ന് സ്വകാര്യചര്‍ച്ച നടത്തുകയും ചെയ്തു. മത്സരശേഷം ഗിലാനിയ്ക്ക് നല്‍കിയ വിരുന്നിനിടയും ചര്‍ച്ച നടന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്‌ മുന്‍ഗണന നല്‍കാന്‍ മന്‍മോഹനും ഗിലാനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ ധാരണയായി.

മന്മോഹനെ ഗിലാനി ക്ഷണിച്ച വിവരം വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താനും ധാരണയായി. വ്യാപാര സെക്രട്ടറിമാര്‍ തമ്മിലും കൂടിക്കാഴ്ച നടക്കും.

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പാകിസ്‌താനില്‍ സന്ദര്‍ശനം നടത്തണമെന്നും ഗിലാനി ആവശ്യപ്പെട്ടു. മന്മോഹനുമായി നടത്തിയ ചര്‍ച്ചകള്‍ ശുഭസൂചനയാണ് നല്‍കുന്നതെന്ന് ഗിലാനി പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക