മധുരയില്‍ എംഡിഎംകെ നേതാവ് വൈകോ അറസ്റ്റില്‍

ചൊവ്വ, 12 നവം‌ബര്‍ 2013 (10:31 IST)
PTI
മധുരയില്‍ ട്രെയിന്‍ തടഞ്ഞ എംഡിഎംകെ നേതാവ് വൈകോ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ് ആചരിക്കുകയാണ്.

വൈകോയുടെ എംഡിഎംകെയും തമിഴ് അനുകൂല രാഷ്ട്രീയ സംഘടനകളുമാണ് സംസ്ഥാനവ്യാപകമായി ബന്ദ് നടത്താന്‍ ആഹ്വാനം ചെയ്തത്. ഇരുപതോളം സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ബന്ദിനുമുന്നോടിയായി തിങ്കളാഴ്ചയും മധുരയിലും കോയമ്പത്തൂരിലും സമരക്കാര്‍ തീവണ്ടിതടഞ്ഞു. മധുരയില്‍ തമിഴ്പുലിഅമെയ്പ്പ്, ആദിതമിഴര്‍പേരവെ എന്നീസംഘടനകളും കോയമ്പത്തൂരില്‍ തമിഴകമുന്നേറ്റ കഴകവുമാണ് ട്രെയിന്‍ തടഞ്ഞത്. മധുരയില്‍ 65പേരെയും കോയമ്പത്തൂരില്‍ 41 പേരെയും അറസ്റ്റുചെയ്തു.

ജില്ലകള്‍കേന്ദ്രീകരിച്ച് സമരം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. ബന്ദിന്റെ ഭാഗമായി ചൊവ്വാഴ്ചയും പ്രതിഷേധപ്രകടനങ്ങളും ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തും.

വെബ്ദുനിയ വായിക്കുക