മദനിയുടെ കേസ് രാജ്യം ഉറ്റുനോക്കുന്നു: അദ്വാനി

തിങ്കള്‍, 23 ഓഗസ്റ്റ് 2010 (09:55 IST)
ബാംഗ്ലൂര്‍ സ്ഫോടന കേസിന്റെ വിചാരണയ്ക്കായി രാജ്യം ഉറ്റുനോക്കുകയാണെന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ അദ്വാനി എഴുതിയ ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.

മദനി എന്ന പേര് തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു അദ്ധ്യായത്തെ ഓര്‍മ്മപ്പെടുത്തുകയാണ്. കോയമ്പത്തൂരില്‍ താന്‍ പങ്കെടുക്കേണ്ടിയിരുന്ന സമ്മേളന സ്ഥലത്ത് അമ്പത് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടത്തിയെ കേസിലെ പ്രധാന കുറ്റാരോപിതനായിരുന്നു മദനി.

കേസില്‍, മദനിയടക്കം 110 പേരെ അറസ്റ്റ് ചെയ്തു. പതിനേഴായിരത്തോളം സാക്ഷികളെ വിസ്തരിച്ചു. എന്നാല്‍, ഒമ്പത് വര്‍ഷം നീണ്ട നടപടികള്‍ക്ക് ശേഷം തെളിവില്ലാത്ത കാരണത്താല്‍ മദനിയെ വെറുതെ വിട്ടു. ഇപ്പോള്‍ ബാംഗ്ലൂര്‍ സ്ഫോടന കേസിന്റെ വിചാരണയ്ക്കായി രാജ്യം ഉറ്റു നോക്കുകയാണ്.

1998 ഫെബ്രുവരി 14 ന് റാലിയില്‍ പങ്കെടുക്കാനായി കോയമ്പത്തൂര്‍ വിമാനത്താ‍വളത്തില്‍ എത്തുമ്പോള്‍ തന്റെ വരവ് കാത്തിരുന്ന വന്‍ പൊലീസ് സന്നാഹത്തെ കണ്ട് അമ്പരന്നു എന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവ് തന്റെ ബ്ലോഗില്‍ പറയുന്നു. താന്‍ അവസാന നിമിഷം ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖം കാരണമാണ് കോയമ്പത്തൂരിലെ റാലിക്ക് താമസിച്ച് എത്താന്‍ കാരണമായത് എന്നും അദ്വാനി തന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു.

അദ്വാനി സമ്മേളന വേദിയില്‍ എത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പാണ് കോയമ്പത്തൂരിനെ ഞെട്ടിച്ച സ്ഫോടനം നടന്നത്.

വെബ്ദുനിയ വായിക്കുക