മതേതരത്വം പഠിപ്പിക്കാന്‍ മോഡി വരേണ്ടെന്ന് ഒമര്‍ അബ്ദുള്ള

തിങ്കള്‍, 28 ഏപ്രില്‍ 2014 (20:37 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരേ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ചരിത്രം വളച്ചൊടിക്കുന്ന സ്വഭാവമുള്ള മോഡി മതേതരത്വത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ വരേണ്ട. മതേതരത്വത്തിന്റെ കാര്യത്തില്‍ മോഡിയുടെ സാക്ഷ്യപത്രം വേണ്ടെന്നും ഒമര്‍ ആഞ്ഞടിച്ചു. 
 
ഒമറിന്റെ പിതാവ് ഫാറുഖ് അബ്ദുള്ളയും മോഡിയുമായി നടന്നുവരുന്ന വാക്കുതര്‍ക്കങ്ങളെ തുടര്‍ന്നാണ് മോഡിക്കെതിരേ ഒമര്‍ രംഗത്തെത്തിയത്. മോഡിയെ പിന്തുണയ്ക്കുന്നവര്‍ കടലില്‍ ചാടണമെന്നാണ് കേന്ദ്ര മന്ത്രി ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 
 
എന്നാല്‍ ഇന്ത്യയുടെ മതേതരത്വത്തിന് സംഭവിച്ച ഏറ്റവും വലിയ വെല്ലുവിളി മതത്തിന്റെ പേരില്‍ കശ്മീരിലെ സന്യാസികളെ ഓടിച്ചതാണെന്നായിരുന്നു മോഡിയുടെ മറുപടി. ഫാറൂഖിന്റെ കുടുംബത്തിന്റെ നിലപാടാണ് കശ്മീരിനെ വര്‍ഗീയവത്ക്കരിക്കുന്നതെന്നും മോഡി പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. 

വെബ്ദുനിയ വായിക്കുക