മണിപ്പാല്‍ പീഡനം: പ്രതികള്‍ പിടിയില്‍

വ്യാഴം, 27 ജൂണ്‍ 2013 (12:21 IST)
PRO
മണിപ്പാലില്‍ മലയാളി എംബിബിഎസ്‌ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ പ്രതികള്‍ പിടിയിലായി. മംഗലാപുരം ഇരിയടുക്ക സ്വദേശികളായ യോഗേഷ്, ഹരീഷ് എന്നിവരാണ് പിടിയിലായത്.

മണിപ്പാല്‍ ഡീംഡ് സര്‍വകലാശാലയ്ക്ക് കീഴിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ നാലം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ആറ്‌ ദിവസം മുന്‍പ്‌ ലൈബ്രറിയില്‍ നിന്ന്‌ താമസസ്‌ഥലത്തേക്ക്‌ പോകുമ്പോഴാണ്‌ വിദ്യാര്‍ഥിനിയെ ഓട്ടോയിലെത്തിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്‌.

പ്രതികളെന്ന്‌ സംശയിക്കുന്നവരുടെ രേഖാചിത്രങ്ങള്‍ പൊലീസ്‌ തിങ്കളാഴ്‌ച പുറത്തുവിട്ടു. കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക്‌ ഉഡുപ്പി പൊലീസ്‌ പ്രഖ്യാപിച്ച രണ്ട്‌ ലക്ഷം രൂപയ്‌ക്ക് പുറമേ മണിപ്പാല്‍ സര്‍വകലാശാലയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ സംഘം ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് സൂചന. എന്നാല്‍ ഇവര്‍ അറസ്റ്റിലായത് സംബന്ധിച്ച ഒരു വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവം നടന്ന് ഏഴ് ദിവസത്തിന് ശേഷമാണ് പോലീസ് പ്രതികളെ വലയിലാക്കിയത്. 200 ഓളം പോലീസുകാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിലായിരുന്നു. 800ഓളം ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ചു.

സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മണിപ്പാല്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രകടനവുമായി തെരുവിലിറങ്ങി റോഡ് ഉപരോധിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക