ഭാര്യ പബ്ബില്‍ പോകുന്നത് വിവാഹമോചനത്തിനുള്ള കാരണമാകില്ലെന്ന് മുംബൈ ഹൈക്കോടതി

ഞായര്‍, 11 ജനുവരി 2015 (13:58 IST)
ഭാര്യ പബ്ബില്‍ പോകുന്നത് വിവാഹമോചനത്തിനുള്ള കാരണമാകില്ലെന്ന് മുംബൈ ഹൈക്കോടതി. ഭാര്യ പബ്ബില്‍ പോകുന്നതിനാല്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ ആളുടെ പരാതി പരിഗണിക്കവേയാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.
 
കുട്ടികളെ ഉപേക്ഷിച്ച് ഭാര്യ നിരന്തരം പബ്ബില്‍ പോകുന്നു എന്നായിരുന്നു ഇയാളുടെ പരാതി. കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത ഭാര്യ തന്റെ മാതാപിതാക്കളെ അപമാനിച്ചതായും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു. വിജയ ടഹില്‍റമാനി, അനില്‍ മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് പരാതിക്കാരന് വിവാഹമോചനം നിഷേധിച്ചത്.
 
ഭാര്യയുടെ ഇത്തരത്തിലുള്ള പെരുമാറ്റ രീതികള്‍ ക്രൂരതയുടെ പരിഗണനയില്‍ വരുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. മധുവിധു കാലങ്ങളില്‍ മര്യാദയില്ലാതെ പെരുമാറി, പൂച്ചട്ടി കൊണ്ട് പ്രഹരിച്ചു, മക്കളെ അവഗണിച്ചു, പബ്ബില്‍ ഡിസ്കോയ്ക്ക് പോയി, ചൂടുചായകപ്പ് കൊണ്ട് എറിഞ്ഞു എന്നിങ്ങനെയുള്ള പരാതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഭാര്യ തന്നോട് മര്യാദയില്ലാതെ പെരുമാറിയെന്ന് കാണിച്ച് ഇയാള്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.
 
20വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ കഴിഞ്ഞ 16 വര്‍ഷമായി വേര്‍പിരിഞ്ഞു കഴിയുകയാണ്. ഇവര്‍ ഒരുമിച്ചു താമസിച്ച ആദ്യ നാലുവര്‍ഷങ്ങളില്‍ ഒരു കുട്ടി ഉണ്ടായിരുന്നു. ഇപ്പോള്‍ വലുതായ കുട്ടി അച്‌ഛന്റെ സംരക്ഷണയിലാണ് കഴിയുന്നതെന്നും കോടതി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക