ഭര്‍ത്താവിനെ തേജോവധം ചെയ്യുന്നതില്‍ വിഷമിക്കുന്നു: പ്രിയങ്ക ഗാന്ധി

ബുധന്‍, 23 ഏപ്രില്‍ 2014 (10:55 IST)
PTI
ഭര്‍ത്താവ് റോബോര്‍ട്ട് വധ്‌രെയെ അകാരണമായി തേജോവധം ചെയ്യുന്നതില്‍ താന്‍ അതീവ ദു:ഖിതയാണെന്ന് പ്രിയങ്ക ഗാന്ധി. ആദ്യമായാണു ഭര്‍ത്താവിന്‌ എതിരായ ആരോപണത്തെപ്പറ്റി പ്രിയങ്ക പ്രതികരിക്കുന്നത്‌.

എന്നാല്‍ സത്യത്തിന്റെ പാതയില്‍ നിന്നും മാറില്ലെന്നും സത്യത്തിന്റെ പരിച ഉപയോഗിച്ചു ആക്രമിക്കുന്നവര്‍ക്കെതിരെ തിരിച്ചടിക്കുമെന്നും പ്രിയങ്ക പറഞ്ഞു. തന്റെ പോരാട്ടം കൂടുതല്‍ ആക്രമണം ക്ഷണിച്ചുവരുത്തുമെന്ന്‌ അറിയാമെന്നും പ്രിയങ്ക പറഞ്ഞു.

ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സത്യത്തിന്റെ പരിച ഉപയോഗിച്ചു തിരിച്ചടിക്കുന്നത്‌ എങ്ങനെ എന്ന്‌ മുത്തശ്ശി ഇന്ദിരാഗാന്ധി പഠിപ്പിച്ചിട്ടുണ്ട്‌ - പ്രിയങ്ക പറഞ്ഞു. കുടുംബത്തിനുനേരെ രാഷ്ട്രീയ ആക്രമണം നടക്കുകയാണ്‌. അതിനു ഭര്‍ത്താവിനെ ഉപയോഗിക്കുന്നു. രണ്ടുവര്‍ഷമായി തുടരുന്നതാണ്‌ ഈ ആക്രമണമെന്നും പ്രിയങ്ക പറഞ്ഞു.

'ടിവിയില്‍ നിങ്ങള്‍ കാണുന്നതെന്താണ്‌? എന്റെ കുടുംബത്തിനെതിരായ കടുത്തവാക്കുകള്‍. എന്റെ ഭര്‍ത്താവിനെതിരെ ഒരുപാടു പറയുന്നു. അതുകേട്ട്‌ ഞാന്‍ വേദനിക്കുന്നു. എനിക്കു മാത്രമല്ല കുടുംബത്തിനു മുഴുവന്‍. തെരഞ്ഞെടുപ്പു വിഷയം വഴിതിരിച്ചുവിടുന്നതിനു വേണ്ടിയാണ്‌ വാധ്‌രയ്ക്കെതിരെ ബിജെപി നീങ്ങുന്നത്‌. അതുകൊണ്ടൊന്നും സത്യം മറയ്ക്കാനാവില്ല.

എന്റെ അമ്മയെ ഈ നാട്‌ അംഗീകരിച്ചതാണ്‌. എന്നാല്‍ ആ വിഷയത്തിലും വിഷംകലക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. എല്ലാ മതക്കാരും ഒരുമിച്ചു കഴിയുന്ന നാടിനു പകരം തമ്മില്‍ തല്ലുന്നവരുടെ നാട്‌ സൃഷ്ടിക്കാനാണ്‌ ചിലരുടെ ശ്രമം. - റായ്ബറേലി മണ്ഡലത്തില്‍ സോണിയയ്ക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടയില്‍ പ്രിയങ്ക പറഞ്ഞു.

എല്ലാദിവസവും ഞാന്‍ കുട്ടികളോടു പറയാറുണ്ട്‌, സത്യം നിലനില്‍ക്കും എന്ന്‌. ഈ തെരഞ്ഞെടുപ്പ്‌ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കു തൊഴില്‍ കിട്ടുന്നതിനും വേണ്ടി ആകണമായിരുന്നു. അതിനുപകരം നിങ്ങളെ വഴിതെറ്റിക്കുകയാണ്‌.-പ്രിയങ്ക കൂട്ടിച്ചേര്‍ത്തു

വെബ്ദുനിയ വായിക്കുക