ബോളിവുഡ് താരം രേഖ രാജ്യസഭയില്‍ എത്തി; ഈ സെഷനില്‍ ഇത് ആദ്യം
തിങ്കള്‍, 11 മെയ് 2015 (19:13 IST)
നീണ്ട ഇടവേളയ്ക്കു ശേഷം രാജ്യസഭാംഗവും ബോളിവുഡ് താരവുമായ രേഖ ഇന്ന് രാജ്യസഭയില്‍ എത്തി. ഈ സെഷനില്‍ ഇത് ആദ്യമായാണ് രേഖ രാജ്യസഭയില്‍ ഹാജരാകുന്നത്. രേഖ സഭയില്‍ ഹാജരാകാത്തത് ഒട്ടേറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴി വെച്ചിരുന്നു.
ശൂന്യവേളയുടെ സമയത്ത് സഭയില്‍ എത്തിയ രേഖ ചോദ്യോത്തരവേള കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോഴേക്കും സഭ വിട്ടു. ആകെ, അരമണിക്കൂറോളം നേരം സഭയില്‍ ചെലവഴിച്ചു. ഗോള്‍ഡന്‍ കരയുള്ള ഇളം ക്രീം സാരി ഉടുത്തായിരുന്നു രേഖ സഭയില്‍ എത്തിയത്. അതിനു ചേരുന്ന ബാഗും കറുത്ത ഫ്രെയിമുള്ള കണ്ണടയും ധരിച്ചിരുന്നു.
രാജ്യസഭയിലെ നോമിനേറ്റഡ് അംഗങ്ങളായ അനു അഗയുടെയും അശോക് ഗാംഗുലിയുടെയും നടുവില്‍ 99ആം നമ്പര്‍ സീറ്റില്‍ ആയിരുന്നു രേഖ ഇരുന്നത്. സാമൂഹ്യപ്രവര്‍ത്തക കൂടിയായ അഗയുമായി സംസാരിക്കാനും രേഖ സമയം കണ്ടെത്തി. കോണ്‍ഗ്രസ് നേതാവ് രേണുക ചൌധരിയുമായും രേഖ സംസാരിച്ചു.
സഭയില്‍ എത്തിയ താരത്തെ കാണാനും സംസാരിക്കാനും നിരവധി അംഗങ്ങള്‍ എത്തി. കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്, രാജീവ് ശുക്ല എന്നിവര്‍ രേഖയുടെ സീറ്റിന് സമീപമെത്തി അവരോട് സംസാരിച്ചു.
ബജറ്റ് സെഷനില്‍ ഒരു ദിവസം രേഖ സഭയില്‍ എത്തിയിരുന്നു. കൂടാതെ, അതിനു മുമ്പുള്ള ശീതകാലസമ്മേളനത്തിലും ബജറ്റ് സെഷനിലും ഓരോ തവണ സഭയില്‍ എത്തിയിരുന്നു. 2012ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആകെ 11 സെഷനുകളില്‍ താരം ഹാജര്‍ വെച്ചിട്ടുണ്ട്.
അതേസമയം, സഭയില്‍ കൃത്യമായി ഹാജരാകാത്ത രേഖയ്ക്കെതിരെ നിരവധി ആരോപണങ്ങള്‍ ആണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സഭയില്‍ ഹാജരാകാതെ സഭയെ അപമാനിക്കുന്ന നിലപാടാണ് താരത്തിന്റേതെന്ന് ആയിരുന്നു പ്രധാന വിമര്‍ശനം.
ഭരണഘടനയിലെ 104ആം വകുപ്പ് അനുസരിച്ച് തുടര്‍ച്ചയായി 60 ദിവസത്തേക്ക് ഒരു അംഗം പാര്‍ലമെന്റില്‍ ഹാജരാകുന്നില്ലെങ്കില്‍ ആ സീറ്റ് ഒഴിവു വന്നതായി പരിഗണിക്കുന്നതായിരിക്കും.