ബൊഫോഴ്സ്: ഗാന്ധി കുടുംബം വിശദീകരിക്കണം

ഞായര്‍, 9 ജനുവരി 2011 (16:32 IST)
PRO
ബൊഫോഴ്സ് അഴിമതി കേസില്‍ കോണ്‍ഗ്രസിന്റെ പ്രഥമ കുടുംബം വിശദീകരണം നല്‍കണമെന്ന് ബിജെപി. സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ജനങ്ങളുടെ ഇടയിലേക്കും കോടതിയിലേക്കും എത്തിക്കുന്നതിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയുള്ള ആക്രമണം ശക്തമാക്കുന്നതിനും ബിജെപി ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചു.

ബൊഫോഴ്സ് അഴിമതി കേസില്‍ കോണ്‍ഗ്രസിന്റെ പ്രഥമ കുടുംബം വിശദീകരണം നല്‍കണം. ആദായനികുതി ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് ബൊഫോഴ്സ് കേസ് അന്വേഷണത്തെ സോണിയ ഗാന്ധിയുടെ പടിവാതില്‍ക്കലേക്ക് എത്തിക്കുന്നു എന്ന് ബിജെപി വക്താ‍വ് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 2 ജി അഴിമതിക്കേസ് പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണമായി മാറുന്നത് മന്‍‌മോഹന്‍ സിംഗിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു എന്നും ബിജെപി വക്താവ് ചൂണ്ടിക്കാണിച്ചു.

ബൊഫോഴ്സ് കേസില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും അത് മറച്ചു വയ്ക്കാനാണ് കോണ്‍ഗ്രസ് അവസാന നിമിഷം വരെ ശ്രമിച്ചത്. ഇത് കോണ്‍ഗ്രസിന്റെ സംസ്കാരമാണ്. എന്നാല്‍, ഇപ്പോള്‍ തെളിവുകള്‍ മറനീക്കി പുറത്തു വന്നിരിക്കുന്നു. 2ജി, ആദര്‍ശ് അഴിമതി, കോമണ്‍‌വെല്‍ത്ത് അഴിമതി തുടങ്ങിയവയിലും കോണ്‍ഗ്രസ് ഇതേ രീതി അവലംബിക്കുകയാണെന്നും ബിജെപി വക്താവ് കുറ്റപ്പെടുത്തി.

ഗുവാഹത്തിയില്‍ കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ ദ്വിദിന ദേശീയ നിര്‍വാഹക സമിതി യോഗം ആരംഭിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ മൂന്നൂറിലധികം നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

വെബ്ദുനിയ വായിക്കുക