ബീഹാര്‍: ബിജെപി യോഗത്തില്‍ തീരുമാനമായില്ല

ബുധന്‍, 23 ജൂണ്‍ 2010 (09:02 IST)
ബീഹാറില്‍ ജെഡി (യു) സഖ്യം തുടരണോ എന്നതിനെ കുറിച്ച് ചൊവ്വാഴ്ച രാത്രി ചേര്‍ന്ന ബിജെപി ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായില്ല. എന്നാല്‍, സഖ്യകക്ഷികളുടെ തീരുമാനമനുസരിച്ചായിരിക്കില്ല പാര്‍ട്ടിയുടെ പ്രവര്‍ത്തനം എന്ന് യോഗ ശേഷം ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ വ്യക്തമാക്കി.

പതിനഞ്ചു വര്‍ഷം നീണ്ട സഖ്യത്തെ കുറിച്ചുള്ള അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടേതായിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസത്തെ യോഗത്തിനു ശേഷം നാഗ്പൂരിലേക്ക് പോയ ഗഡ്കരി തിരികെ എത്തിയ ശേഷം പാര്‍ട്ടിയുടെ ബീഹാര്‍ ഘടകത്തിന്റെ തീരുമാനം അദ്ദേഹത്തെ അറിയിക്കും.

അതേസമയം, ജെഡി (യു)-ബിജെപി സഖ്യം തുടരണമെന്നും ബീഹാര്‍ വികസനത്തില്‍ പങ്കാളിത്തം വേണമെന്നുമാ‍ണ് ബിജെപി ആഗ്രഹിക്കുന്നത് എന്ന് ഷാനവാസ് ഹുസൈന്‍ അഭിപ്രായപ്പെട്ടു. പക്ഷേ, സ്വാഭിമാനം പണയംവയ്ക്കാന്‍ പാര്‍ട്ടിക്ക് സാധ്യമല്ല എന്നും ബിജെപി വക്താവ് വ്യക്തമാക്കി.

മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെയും വരുണ്‍ ഗാന്ധിയെയും പങ്കെടുപ്പിക്കരുത് എന്ന ബീഹാര്‍ മുഖ്യമന്ത്രിയുടെ ആവശ്യമാണ് ബീഹാറിലെ ഭരണ സഖ്യത്തിന്റെ ഭാവിയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക