ബാംഗ്ലൂര്‍ നഗരത്തിന് മദ്യലഹരിയിലാറാടാന്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സമയം പോരെന്ന ബാറുടമകളുടെയും പബ് ഉടമകളുടെയും പരാതിക്ക് ഉടന്‍ പരിഹാരം ലഭിക്കുമെന്ന് സൂചന. നഗരത്തില്‍, വെളുപ്പിന് രണ്ട് മണിവരെ ബാറുകളും പബുകളും പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് ഇവരുടെ പരാതി പരിഗണിച്ച സംസ്ഥാന എക്സൈസ് മന്ത്രി വ്യക്തമാക്കി.
നിലവില്‍, രാത്രി 11.30 വരെയാണ് ബാറുകള്‍ക്കും പബുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍, ലഹരിയുടെ സമയം പരിമിതപ്പെടുത്തുന്നത് ഐടി നഗരം ആഗോള നഗരമായി വളരുന്നതിന് വിഘാതമാവുമെന്നാണ് ബാറുടമകള്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നത്.
എന്തായാലും, എക്സൈസ് മന്ത്രി ബി രേണുകാചാര്യയ്ക്ക് സംഭവത്തിന്റെ ഗൌരവം പിടികിട്ടി. സമയം ദീര്‍ഘിപ്പിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുമായി ചര്‍ച്ച നടത്തി എന്നും അനുകൂലമായ തീരുമാനം ഉടന്‍ പ്രതീക്ഷിക്കുന്നു എന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.