ബലൂചിസ്ഥാനില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളിലെ ഇന്ത്യന്‍ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി എന്ന റിപ്പോര്‍ട്ട് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വ്യാഴാഴ്ച നിഷേധിച്ചു.
ഇന്ത്യയ്ക്ക് ഇത്തരത്തിലുള്ള രേഖകള്‍ ഒന്നും കൈമാറിയിട്ടില്ല എന്നും റിപ്പോര്‍ട്ട് പാക് മാധ്യമങ്ങളുടെ പ്രചാരണമാണെന്നും തരൂര്‍ പറഞ്ഞു. ഇത്തരത്തിലുള്ള രേഖകള്‍ കൈമാറിയിട്ടുണ്ട് എങ്കില്‍ തന്നെ അവ പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇന്ത്യയുടെ പ്രതികരണം എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കില്ല. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.
എന്നാല്‍, ബലൂചിസ്ഥാനില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഈജിപ്തില്‍ വച്ച് ഗീലാനിയും മന്‍മോഹന്‍ സിംഗും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ കൈമാറി എന്നതിന് വ്യക്തമായ തെളിവുണ്ട് എന്ന നിലപാടിലാണ് റിപ്പോര്‍ട്ട് പുറത്തു വിട്ട “ഡോണ്‍” എന്ന പാക് പത്രം.
ഡോണില്‍ വന്ന റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണ് ഇന്ത്യ വ്യക്തമാക്കി എങ്കിലും സംയുക്ത ഭീകര വിരുദ്ധ പരിപാടിയുടെ ഭാഗമായി ബലൂചിസ്ഥാന്‍ വിഷയം പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യുന്നുണ്ട് എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.