പ്ലാറ്റ്‌ഫോമില്‍ കയറണമെങ്കില്‍ ഇനി പത്തുരൂപ കൊടുക്കണം

ബുധന്‍, 18 മാര്‍ച്ച് 2015 (13:09 IST)
രാജ്യത്ത് റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക് ഉയര്‍ത്തി. അഞ്ചു രൂപയായിരുന്നത് പത്തു രൂപയായാണ് ഉയര്‍ത്തിയത്. റെയില്‍വേയാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. എപ്രില്‍ ഒന്നുമുതല്‍ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും.
 
മേളകള്‍‍, റാലികള്‍ തുടങ്ങി തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ പ്ലാറ്റ്‌ഫോമുകളിലെ തിരക്കു നിയന്ത്രിക്കാന്‍ ആവശ്യമെങ്കില്‍ നിരക്ക് 10 രൂപയില്‍ കൂടുതലാക്കി വര്‍ധിപ്പിക്കാനും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാര്‍ക്ക്, മന്ത്രാലയം അധികാരം നല്‍കിയിട്ടുണ്ട്. 
 
പുതുക്കിയ നിരക്കുള്ള ടിക്കറ്റുകള്‍ എത്രയും വേഗം പ്രിന്റ് ചെയ്യാന്‍ സോണല്‍ റെയില്‍വേകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 
 
പുതിയ നിരക്കുകള്‍ അടങ്ങിയ ടിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് ലഭിക്കും വരെ നിലവിലുള്ള ടിക്കറ്റുകളില്‍ തന്നെ നിരക്കില്‍ മാറ്റം വരുത്തി നല്‍കാനാണ് നിര്‍ദ്ദേശം.
 
2012 വരെ റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക് മൂന്നു രൂപയായിരുന്നു. എന്നാല്‍, 2012ലെ ബജറ്റില്‍ അന്നത്തെ റയില്‍വേ മന്ത്രി ദിനേശ് ത്രിവേദി പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക് മൂന്നു രൂപയില്‍ നിന്ന് അഞ്ചു രൂപയാക്കി ഉയര്‍ത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക