പ്രശസ്തസംഗീതജ്ഞന്‍ പി ബി ശ്രീനിവാസ് അന്തരിച്ചു

ഞായര്‍, 14 ഏപ്രില്‍ 2013 (16:49 IST)
PRO
PRO
മലയാളം ഉള്‍പ്പടെ ഒട്ടേറെ ഇന്ത്യന്‍ ഭാഷകളില്‍ പിന്നണി ഗായകനായും സംഗീതജ്ഞനായും ഒരു കാലഘട്ടത്തെ സംഗീതസാന്ദ്രമാക്കിയ പി ബി ശ്രീനിവാസ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ ടി നഗറിലെ വസതിയിലായിരുന്നു അന്ത്യം.

ഗായകന്‍, കവി, സംഗീതപണ്ഡിതന്‍, സംഗീത ഗവേഷകന്‍ എന്നീ നിലകളിലെല്ലാം പി ബി എസ് എന്ന പ്രതിവാദി ഭയങ്കര ശ്രീനിവാസ് വ്യക്തിമുദ്ര പതിപ്പിച്ചു. 1930 സെപ്റ്റംബര്‍ 22ന് ആന്ധ്രപ്രദേശിലെ കാകിനാഡയില്‍ ഫണീന്ദ്രസ്വാമിയുടെയും ശേഷഗിരി അമ്മാളിന്റെയും മകനായി ജനനം. മൂന്നുപതിറ്റാണ്ടിലേറെ ചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു അദ്ദേഹം. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നിരവധി ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു. സിനിമാരംഗത്തുനിന്ന് പിന്‍വാങ്ങിയശേഷവും സംഗീത ഗവേഷണപഠനങ്ങളില്‍ സജീവമായിരുന്നു.

1954 ല്‍ പുത്രധര്‍മ്മം എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് അദ്ദേഹം മലയാളത്തില്‍ എത്തിയത്. നിണമണിഞ്ഞ കാല്പാടുകള്‍ എന്ന ചിത്രത്തില്‍ പാടിയ 'മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്...' എന്ന ഗാനമാണ് ശ്രിനിവാസിനെ മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടികൊടുത്തത്.

1952ല്‍ വാസന്‍ നിര്‍മ്മിച്ച 'മിസ്റ്റര്‍ സമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസ് ചലച്ചിത്രഗായകനായി രംഗപ്രവേശം ചെയ്തത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ നിര്‍മ്മിച്ച ജാതകത്തിലൂടെയാണ് ശ്രീനിവാസ് ചലച്ചിത്ര ഗായകന്‍ എന്ന നിലയില്‍ പ്രശസ്തനാകുന്നത്.

തുളസീ തുളസീ..... (കാട്ടുതുളസി ), നിറഞ്ഞ കണ്ണുകളോടെ....(സ്കൂള്‍ മാസ്റ്റര്‍), കിഴക്കു കിഴക്കൊരാന.. (ത്രിവേണി ), അവളുടെ കണ്ണുകള്‍ കരിങ്കദളിപ്പൂക്കള്‍...(കാട്ടു മല്ലിക), തൊട്ടിലില്‍ നിന്നു തുടക്കം....(കുട്ടിക്കുപ്പായം ) തുടങ്ങിയ ഗാനങ്ങളെ അനശ്വരമാക്കിയത് പി ബി എസിന്റെ ശബ്ദമാധുരിയാണ്.

പി.ലീല, എസ്.ജാനകി, പി.സുശീല, ജിക്കി, കൃഷ്ണവേണി, ഗീത റോയി എന്നിവര്‍ക്കൊപ്പം നിരവധി ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്. കര്‍ണാടക സംഗീതത്തില്‍ ഗവേഷണം നടത്തി വൈരത്താക്കോല്‍ എന്ന ഗവേഷണഗ്രന്ഥം ഉള്‍പ്പെടെ മൂന്നു ഗവേഷണ ഗ്രന്ഥങ്ങള്‍ ശ്രീനിവാസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക