പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഞായറാഴ്ച രാവിലെ ആശുപത്രി വിട്ടു. ശനിയാഴ്ച സിംഗിന്‍റെ ആരോഗ്യ നിലയെ കുറിച്ചുള്ള വിശദമായ അവലോകനം നടത്തിയ ശേഷമാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് സിംഗിനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റൂട്ടിലെ ഡോ. രമാകാന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് സിംഗിന്‍റെ ആരോഗ്യ നിലയെ കുറിച്ച് വിശദമായ നിരീക്ഷണം നടത്തിയത്. ദീര്‍ഘകാലമായി പ്രമേഹ രോഗ ബാധിതനായതിനാല്‍ പ്രധാനമന്ത്രിക്ക് കര്‍ശനമായ ആഹാര നിയന്ത്രണം പാലിക്കേണ്ടി വരും. ആറാഴ്ചത്തെ വിശ്രമത്തിനു ശേഷം മാത്രമേ അദ്ദേഹത്തിന് ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കൂ എന്നാണ് കരുതുന്നത്.
ജനുവരി 24 ന് ആയിരുന്നു സിംഗ് ബൈപാസ് പുന:ശസ്ത്രക്രിയയ്ക്ക് വിധേയനായത്. 28 ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി.
മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഫൌണ്ടേഷനില്‍ നിന്നുള്ള കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍ വിദഗ്ധന്‍ ഡോ. ആശിഷ് കോണ്ട്രാക്ടര്‍, ഡോക്ടര്‍ വിജയ് ഡിസില്‍വ എന്നിവരും മൂന്ന് നഴ്സുമാരും അടങ്ങുന്ന സംഘമായിരിക്കും സിംഗിനെ വീട്ടില്‍ പരിചരിക്കുക.