പ്രതികാരം ചെയ്യാന്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ക്ക് അധികം ആലോചിക്കേണ്ട, നിരഞ്ജന് ആദരമര്‍പ്പിച്ച് പാക് സൈറ്റുകളില്‍ ഇന്ത്യന്‍ ഹാക്കര്‍മാരുടെ കൂട്ട ആക്രമണം!

ബുധന്‍, 6 ജനുവരി 2016 (15:00 IST)
പത്താന്‍കോട്ട് സൈനിക താവളത്തില്‍ ഭീകരാക്രമണം നടന്നതിന്‍റെ നടുക്കത്തില്‍ നിന്ന് ഇന്ത്യ ഇതുവരെ മോചിതയായിട്ടില്ല. തുടര്‍നടപടികളില്‍ സര്‍ക്കാരിനും ആശയക്കുഴപ്പമുണ്ട്. പാകിസ്ഥാനുമായി ചര്‍ച്ച നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ വട്ടം‌കറങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഒരു ആശയക്കുഴപ്പവുമില്ലാതെ ഇന്ത്യയുടെ ഹാക്കര്‍മാര്‍ പാകിസ്ഥാനോട് പ്രതികാരനടപടി തുടങ്ങി.
 
പാകിസ്ഥാന്‍റെ ഒരുകൂട്ടം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തുകൊണ്ടായിരുന്നു ഇന്ത്യന്‍ ഹാക്കര്‍മാരുടെ പ്രതികാരം. വീരമൃത്യു വരിച്ച ലഫ്. കേണല്‍ നിരഞ്ജന് ആദരമര്‍പ്പിച്ചുകൊണ്ടായിരുന്നു പാക് വെബ്സൈറ്റുകളില്‍ ഇന്ത്യന്‍ വിളയാട്ടം.
 
ഇന്ത്യന്‍ ഹാക്കര്‍മാര്‍ ആക്രമണം നടത്തിയവയില്‍ പാകിസ്ഥാന്‍റെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ഉള്‍പ്പെടുന്നു എന്നാണ് വിവരം. നിരഞ്ജന്‍റെ മകള്‍ വിസ്മയയ്ക്ക് വേണ്ടി ഈ ഹാക്കിംഗ് സമര്‍പ്പിക്കുന്നു എന്ന സന്ദേശവും രണ്ടുവയസുകാരിയായ വിസ്മയയുടെ ചിത്രവും ഹാക്കര്‍മാര്‍ പാകിസ്ഥാന്‍ വെബ്സൈറ്റുകളില്‍ നല്‍കിയിട്ടുണ്ട്.
 
പത്താന്‍‌കോട്ടില്‍ ജീവന്‍ ബലിനല്‍കിയ ഇന്ത്യന്‍ സൈനികര്‍ക്ക് സല്യൂട്ട് നല്‍കിക്കൊണ്ടുള്ള സന്ദേഅങ്ങളാല്‍ പാക് വെബ്സൈറ്റുകള്‍ നിറച്ചിരിക്കുകയാണ് ഇന്ത്യന്‍ ഹാക്കര്‍മാര്‍.
 
എന്നാല്‍ പാകിസ്ഥാന്‍ വെബ്‌സൈറ്റുകളിലെ വിവരങ്ങളൊന്നും നശിപ്പിക്കാന്‍ ഹാക്കര്‍മാര്‍ തയ്യാറായില്ല. ആവശ്യമെങ്കില്‍ അതിന് കഴിയും, എന്നാല്‍ ഇതൊരു മുന്നറിയിപ്പ് മാത്രമാണെന്നാണ് ഇന്ത്യന്‍ ഹാക്കര്‍മാരുടെ പക്ഷം.

വെബ്ദുനിയ വായിക്കുക