നക്സലൈറ്റുകളെ ചെറുക്കാനായി രൂപീകരിച്ച നക്സല്‍ വിരുദ്ധ സ്വാഡിലെ 39 ഭടന്മാര്‍ മുങ്ങിമരിച്ചു. ഒറീസയിലെ മല്‍ക്കാന്‍ഗിരി ജില്ല യിലെ ബാലിമേല അണക്കെട്ടില്‍ ആന്‌ധ്രയിലെ നക്‌സല്‍ വിരുദ്ധ സ്ക്വാഡ് സഞ്ചരിച്ച ബോട്ട് നക്‌സലുകളുടെ ആക്രമണത്തില്‍ മുക്കിയതാണ് 39 ഭടന്മാര്‍ മരിക്കാന്‍ കാരണമായത്. ഒട്ടേറെ ഭടന്മാര്‍ര്‍ നീന്തി രക്ഷപ്പെട്ടു.
ആന്ധ്രാ പ്രദേശിലെ നക്‌സല്‍ വേട്ടയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ രൂപം നല്‍കിയ ഗ്രേഹൗണ്ട്‌സ്' എന്ന പ്രത്യേക സ്ക്വാഡിലെ ഭടന്മാരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഇവര്‍ക്കൊപ്പം ഒറീസ പൊലീസിലെ ഒരു കോണ്‍സ്റ്റബിളും രണ്ടു ഡ്രൈവര്‍മാരും ഉള്‍പ്പെടെ 64 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
വിശാഖപട്ടണത്ത് ആദിവാസി മേഖലയില്‍ പൊലീസിനെ നേരിടാന്‍ പത്തു ദിവസം മുമ്പ് തീവ്രവാദികളായ മാവോയിസ്റ്റുകള്‍ രൂപം നല്‍കിയ സ്റ്റേറ്റ് മിലിഷ്യ കമ്മിഷനാണ് ആക്രമണം നടത്തിയത്.
നക്സല്‍ വിരുദ്ധ സ്വാഡ് മാവോയിസ്റ്റുകള്‍ക്കെതിരെ ഒറീസാ പൊലീസുമായി ചേര്‍ന്ന് ഒരു ആക്രമണ പദ്ധതി നടത്താന്‍ ചിറാകൊണ്ടയിലേക്ക് പോയതാണ്. സംഘം ഞായറാഴ്ച രാവിലെ 9 മണിയോടെ റിസര്‍വോയറിലൂടെ ആന്‌ധ്രയിലെ സിലേരൂവിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
സമീപത്തുള്ള കുന്നിന്‍ മുകളില്‍നിന്ന് യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് നക്‌സലുകള്‍ ബോട്ടിനുനേരെ വെടിവച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഭടന്മാര്‍ ബോട്ടിന്‍റെ മറുവശത്തേക്ക് മാറിയപ്പോള്‍ ബോട്ട് ആ വശത്തേക്കു മറിഞ്ഞു മുങ്ങുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്.
നിരവധി ഭടന്മാര്‍ വെള്ളത്തില്‍ തെറിച്ചുവീണു. മറ്റുള്ളവര്‍ റിസര്‍വോയറിലേക്ക് ചാടി. അപ്പോഴും നക്‌സലുകള്‍ വെടിവയ്‌പു തുടര്‍ന്നു. ചില പൊലീസുകാര്‍ തിരിച്ചു വെടിവച്ചതായി ഒറീസ പൊലീസ് അധികൃതര്‍ പറഞ്ഞു. എത്രപേര്‍ മുങ്ങിമരിച്ചുവെന്ന് വ്യക്‌തമല്ല.
ആക്രമണത്തിനിടയില്‍ തന്നെ വള്ളത്തില്‍ എത്തിയ നക്‌സലുകള്‍ നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ വെടിവച്ചു. വെടിയേറ്റ പരിക്കുകളുമായി 25 പേര്‍ നീന്തി കരയ്ക്കെത്തി. നക്സലുകളെ പിടിക്കാന്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.