നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ ആദ്യ പൊതുബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുകയാണ്. 12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ എല്ലാവര്‍ക്കും രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി സുരക്ഷാ ഭീമയോജന നടപ്പാക്കും. വാജ്‌പേയിയുടെ പേരില്‍ പുതിയ പെന്‍ഷന്‍ പദ്ധതി കൊണ്ടുവരും. അടല്‍ പെന്‍ഷന്‍ യോജനയില്‍ 50 ശതമാനം പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. പാവപ്പെട്ട മുതിര്‍ന്ന പൌരന്‍മാര്‍ക്ക് പ്രത്യേക പദ്ധതികള്‍. തൊഴിലുറപ്പ് പദ്ധതി തുടരും.
സ്വച്ഛ് ഭാരത് പദ്ധതിക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ബജറ്റാണ് ജെയ്‌റ്റ്‌ലി അവതരിപ്പിച്ചത്. സാധാരണക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്ന് ബജറ്റില്‍ പറയുന്നു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് കൂടുതല്‍ കക്കൂസുകള്‍ സ്ഥാപിക്കും.
ഒരുലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും. 2022ല്‍ എല്ലാവര്‍ക്കും വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കും. പണപ്പെരുപ്പം നിയന്ത്രിച്ചത് നേട്ടമായി. രൂപ കരുത്താര്‍ജ്ജിച്ചു. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ നിര്‍മ്മിക്കും. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമാക്കുമെന്നും ബജറ്റില്‍ പറയുന്നു.