പീഡനം: ആന്ധ്രാ എം‌എല്‍‌എ അറസ്റ്റില്‍

തിങ്കള്‍, 20 ജൂലൈ 2009 (21:16 IST)
വെസ്റ്റ് ഗോദാവരിയിലെ നിദഡാവൊലുവിലെ ടിവിആര്‍ നഴ്സിംഗ് നഴ്സിംഗ് കോളജില്‍ പഠിച്ചിരുന്ന മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തിയ കേസില്‍ തെലുങ്കുദേശം പാര്‍ട്ടി എം എല്‍ എ രാമറാവുവിനെ അറസ്റ്റുചെയ്തു. രാമറാവുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വെസ്റ്റ് ഗോദാവരി ജില്ലാ പൊലീസ് മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു.

ടിവിആര്‍ നഴ്സിംഗ് നഴ്സിംഗ് കോളജിന്റെ ഉടമ കൂടിയായ എം എല്‍ എ ടി.വി. രാമറാവുവിനെ വടക്കന്‍ ഗോദാവരി ജില്ലയില്‍ നിന്നാണ്‌ പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. കോളജില്‍ പഠിക്കുന്ന അഞ്ചു മലയാളി വിദ്യാര്‍ഥിനികളാണ്‌ രാമറാവു മാനഭംഗപ്പെടുത്തി എന്നാരോപിച്ച് പരാതി നല്‍‌കിയിരുന്നത്.

സംസ്ഥാന ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കുമാണ് വിദ്യാര്‍ഥിനികള്‍ പരാതി നല്‍‌കിയിരുന്നത് മുമ്പ്‌ ഒരു വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ്‌ നിലവിലുണ്ട്. രാമറാവു പ്രതിപക്ഷ കക്ഷി എം എല്‍ എ ആയതിനാല്‍ വെസ്റ്റ് ഗോദാവരിയിലും ഹൈദ്രാബാദിലും പൊലീസ് ജാഗരൂകരാണ്.

ആന്ധ്രയിലെ കോണ്‍‌ഗ്രസ് മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ മകന്‍ നടത്തുന്ന സാക്ഷി ടെലിവിഷന്‍ ചാനലാണ് പീഡന വാര്‍ത്ത ആദ്യമായി പുറത്ത് വിട്ടത്. നാല് വിദ്യാര്‍ത്ഥിനികളാണ് കുടുംബാംഗങ്ങളോടൊപ്പം ഹൈദരാബാദില്‍ എത്തി, പരാതി നല്‍‌കിയിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രി സബിത ഇന്ദിര റെഡ്ഡിയുടെ പ്രത്യേക നിര്‍ദേശപ്രകാരം സി‌ഐ‌ഡി വകുപ്പ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലാണ് വിദ്യാര്‍ഥിനികള്‍ മാനഭംഗത്തിനിരയായതെന്ന് പറയപ്പെടുന്നു.

അതേസമയം, രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയാണ്‌ കേസിന്‌ പിറകിലെന്ന്‌ രാമറാവു ആരോപിച്ചു. പാര്‍ട്ടി എം.എല്‍.എക്കെതിരെ സംസ്‌ഥാനത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസാണെന്ന്‌ തെലുങ്കുദേശം നേതാവ്‌ ചന്ദ്രബാബു നായിഡുവും ആരോപിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രി തന്റെ ചാനല്‍ ഉപയോഗിച്ച് തെലുങ്കുദേശം പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും നായിഡു ആരോപിച്ചു.

വെബ്ദുനിയ വായിക്കുക