ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ പിന്‍ഗാമി ആരാകണം എന്ന കാര്യത്തില്‍ മൂത്തമകനായ അഴഗിരിയും ഇളയമകനായ എം കെ സ്റ്റാലിനും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇരുവരുടേയും അണികളും ഈ വിഷയത്തിന്റെ പേരില്‍ ഏറ്റുമുട്ടലിന്റെ പാതയിലാണ്.
അതേസമയം നേതൃത്വം അനുവദിക്കുകയാണെങ്കില്‍ ഡിഎംകെ പ്രസിഡന്റാകാന്‍ താന്‍ തയാറാണെന്ന് കേന്ദ്രമന്ത്രി കൂടിയായ അഴഗിരി പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. പാര്‍ട്ടിയുടെ തെക്കന്‍മേഖല ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ് അഴഗിരി. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് അഴഗിരി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അഴഗിരിയുടെ നിലപാടിനോട് കരുണാനിധിയും സ്റ്റാലിനും എങ്ങനെ പ്രതികരിക്കും എന്നാണ് ഇനി അറിയേണ്ടത്. പിന്‍ഗാമി ആരാകണം എന്നത് സംബന്ധിച്ച് ഈയിടെ തമിഴ് മാധ്യമമായ കുമുദം നടത്തിയ സര്‍വേയില്‍ കൂടുതല്‍ പേരും പിന്തുണച്ചത് സ്റ്റാലിനെയായിരുന്നു.