പിന്‍‌ഗാമിയാകാന്‍ യോഗ്യന്‍ സ്റ്റാലിന്‍: സര്‍വേ

ബുധന്‍, 1 ഫെബ്രുവരി 2012 (11:15 IST)
PRO
PRO
ഡി എം കെ അധ്യക്ഷന്‍ എം കരുണാനിധിയുടെ പിന്‍‌ഗാമിയാകാന്‍ യോഗ്യന്‍ എം കെ സ്റ്റാലിന്‍ ആണെന്ന് സര്‍വേ ഫലം. മൂത്ത മകനായ എം കെ അഴഗിരിയേക്കാള്‍ ജനസ്വീകാര്യത സ്റ്റാലിനാണെന്ന് തമിഴ് മാസികയായ കുമുദം നടത്തിയ സര്‍വേയാണ് വ്യക്തമാ‍ക്കുന്നത്.

17,620 പേരാണ് സര്‍വേയോട് പ്രതികരിച്ചത്. ഇതില്‍ 58 ശതമാനം പേരും സ്റ്റാലിനെ അനുകൂലിക്കുന്നു. എന്നാല്‍ അഴഗിരിക്ക് 12 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. കരുണാനിധിയുടെ മകള്‍ കനിമൊഴിക്ക് മൂന്ന് ശതമാനം പേരുടെ പിന്തുണയെ ഉള്ളൂ. അതേസമയം എം ഡി എം കെ നേതാവ് വൈക്കോ പിന്‍‌ഗാമിമാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നു എന്നതാണ് രസകരം. നടി ഖുശ്ബുവിനേയും പലരും അനുകൂലിച്ചു.

വെള്ളിയാഴ്ച ഡി എം കെ ജനറല്‍ കൌണ്‍സില്‍ യോഗം ചെന്നൈയില്‍ ചേരാനിരിക്കേയാണ് സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്. 88-കാരനായ കരുണാനിധിയുടെ പിന്‍‌ഗാമി ആരാകും എന്നാണ് അണികള്‍ ഉറ്റുനോക്കുന്നത്. സര്‍‌വേയെക്കുറിച്ച് ഡി എം കെ പ്രതികരിച്ചിട്ടില്ല.

2007-ല്‍ ദിനകരന്‍ ദിനപത്രം ഇത്തരത്തില്‍ ഒരു സര്‍വേ നടത്തിയതിന് അഴഗിരി അനുകൂലികള്‍ അക്രമാസക്തരായിരുന്നു. അക്രമത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക