പിങ്കി സ്ത്രീയോ പുരുഷനോ?- പരിശോധനാ ഫലം അവ്യക്തം

ചൊവ്വ, 26 ജൂണ്‍ 2012 (11:36 IST)
PTI
PTI
ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് പിങ്കി പ്രമാണിക് പുരുഷനാണോ എന്ന് നിര്‍ണ്ണയിക്കാന്‍ നടത്തിയ പരിശോധനകളിലൂടെ വ്യക്തമായ ഉത്തരം ലഭ്യമായില്ല. കഴിഞ്ഞ ആഴ്ച കൊല്‍ക്കത്തയിലെ ബര്‍സാത് സബ് ഡിവിഷണല്‍ ആശുപത്രിയിലും കഴിഞ്ഞ ദിവസം എസ്എസ്കെഎം ആശുപത്രിയിലും പിങ്കിയെ ലിംഗ നിര്‍ണ്ണയ ടെസ്റ്റുകള്‍ക്ക് വിധേയയാക്കിയിരുന്നു. എന്നാല്‍ ഈ പരിശോധനാ ഫലങ്ങള്‍ വ്യക്തമായ ഉത്തരം നല്‍കുന്നില്ല.

ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ പിങ്കിക്ക് വീണ്ടു ടെസ്റ്റുകള്‍ നടത്തേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. പിങ്കി സ്ത്രീയാണെന്ന് തന്നെയാണ് അവരുടെ ബന്ധുക്കളും സുഹൃത്തുകളും വിശ്വസിക്കുന്നത്. ടെസ്റ്റുകള്‍ അത് തെളിയിക്കും എന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

റിമാന്റില്‍ കഴിയുന്ന പിങ്കിയെ പരിശോധനകള്‍ക്കായി കൊണ്ടുപോകുമ്പോള്‍ പുരുഷ പൊലീസുകാര്‍ മാത്രമാണ് അനുഗമിച്ചത് എന്ന് ആരോപണമുണ്ട്. പിങ്കി പുരുഷനാണെന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ പുരുഷ പൊലീസുകാര്‍ മാത്രം അനുഗമിക്കുന്നത് ശരിയല്ലെന്നുള്ള വാദവുമുണ്ട്.

27 വയസ്സ് പ്രായമുള്ള പിങ്കി പുരുഷനാണെന്ന് അവരുടെ ലിവ് ഇന്‍ പാര്‍ട്ട്‌ണര്‍ ആയ യുവതിയാണ് പരാതിപ്പെട്ടത്. പിങ്കി പീഡിപ്പിച്ചു എന്ന് കാണിച്ചാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പിങ്കിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക