പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും

തിങ്കള്‍, 20 ഏപ്രില്‍ 2015 (09:41 IST)
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്നുമുതല്‍. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്നത്. ലോക്സഭ സമ്മേളനം ഇന്നു മുതല്‍ തുടങ്ങും. എന്നാല്‍ രാജ്യസഭ 23 ആം തിയതി മുതലാണ് ചേരുക. 
 
ലോക്സഭയില്‍ പാസായ ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ബില്‍ ഏതുവിധേനയും പാസാക്കിയെടുക്കുക എന്നതാണ് സമ്മേളനത്തില്‍ സര്‍ക്കാരിന്റെ മുമ്പിലെ വെല്ലുവിളി. എന്നാല്‍, ബില്ലുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസും ഇടത്-ജനതാ പാര്‍ട്ടികളും കര്‍ഷക-ജനകീയ സംഘടനകളും  പ്രഖ്യാപിച്ചു കഴിഞ്ഞു.
 
രാജ്യസഭയില്‍ ഭൂരിപക്ഷം സംഘടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിച്ച് ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനിടെ, ഭൂമി ബില്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നഷ്‌ടപ്പെട്ട അവസരങ്ങളെ തിരിച്ചു പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പാര്‍ലമെന്‍ററി കാര്യമന്ത്രി എം വെങ്കയ്യ നായിഡു പറഞ്ഞു.

വെബ്ദുനിയ വായിക്കുക