26/11 ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാന് ഗൌരവം കാട്ടുന്നില്ല എന്ന് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ. ബാംഗ്ലൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാന് ഇന്ത്യ ആറ് തവണ തെളിവുകള്‍ കൈമാറിയിട്ടുണ്ട്. ഇവ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ശിക്ഷ നല്‍കാനും പര്യാപ്തമാണെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്ഥാന് ഗൌരവതരമായി ആലോചിക്കുന്നു എങ്കില്‍ ഇത് ലോകത്തിനും ഇന്ത്യയ്ക്കും മുമ്പില്‍ ആത്മാര്‍ത്ഥത തെളിയിക്കാനുള്ള ഒരു അവസരമാണ്, കൃഷ്ണ പറഞ്ഞു.
ഉഭയകക്ഷി ചര്‍ച്ച താല്‍ക്കാലികമായി നിലച്ചതിന് പാകിസ്ഥാനെയാണ് കുറ്റപ്പെടുത്തേണ്ടത്. മുംബൈ ഭീകരാക്രമണം നടക്കുന്നത് വരെ ചര്‍ച്ച തുടര്‍ന്നിരുന്നു. ചര്‍ച്ച തുടരാന്‍ വേണ്ടി ഇന്ത്യ മുന്നോട്ട് വച്ച ആവശ്യം അംഗീകരിക്കേണ്ടത് ഇനി പാകിസ്ഥാന്റെ ഉത്തരവാദിത്വം ആണ്. ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിക്കണം എന്ന പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രം പാകിസ്ഥാനാണ്. ഇക്കാര്യം ഇന്ത്യ സുഹൃദ് രാജ്യങ്ങളെയും പാകിസ്ഥാനെയും അറിയിച്ചിട്ടുണ്ട് എന്നും എസ് എം കൃഷ്ണ പറഞ്ഞു.