പാകിസ്ഥാന്‍ ഉറപ്പ് പാലിക്കണമെന്ന് ആന്റണി

വെള്ളി, 1 ഫെബ്രുവരി 2013 (18:33 IST)
PRO
PRO
ഇന്ത്യയ്‌ക്ക് നല്‍കിയ ഉറപ്പ് പാകിസ്ഥാന്‍ പാലിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. തീവ്രവാദവിഷയത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് നിരവധി ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇത് അവര്‍ നടപ്പാക്കണം. എങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ ഇന്ത്യ ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയുള്ളു. പഴയകാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്രമിക്കാനാവില്ലെന്നും വാഗ്‌ദാനം മാത്രം നല്‍കിയിട്ട് കാര്യമില്ലെന്നും ആന്റണി പറഞ്ഞു. പാക് അധികൃതര്‍ വാഗ്‌ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്.

ഇത് വ്യക്തമായി ബോധ്യപ്പെട്ടാല്‍ മാത്രമേ ഇന്ത്യയുടെ ഭാഗത്തുനിന്നും ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം ശക്തിപ്പെടുത്താനാവശ്യമായ നടപടി സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കാശ്‌മീരില്‍ പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് ഇന്ത്യന്‍ സൈനികരെ അതിര്‍ത്തി ലംഘിച്ചെത്തിയ പാക് സൈനികര്‍ വെടിവെച്ച് കൊലപ്പെടുത്തുകയും അതില്‍ ഒരു സൈനികന്റെ തലവെട്ടുകയും ചെയ്‌തതാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുക്കുന്നതിന് ഇടയാക്കിയത്. ജനുവരി എട്ടിനാണ് മേഖലയില്‍ യുദ്ധഭീതി പരത്തിയ പാകിസ്ഥാന്റെ ക്രൂരമായ നടപടി ഉണ്ടായത്.


വെബ്ദുനിയ വായിക്കുക