പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് തുരങ്കം; രാജ്യത്തിന് സുരക്ഷാ ഭീഷണി

വെള്ളി, 4 മാര്‍ച്ച് 2016 (14:38 IST)
ഇന്ത്യ-പാക് അതിർത്തി പ്രദേശമായ ജമ്മു കാശ്മീരിൽ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കടക്കാൻ ഭീകരർ നിർമിച്ചതെന്നു കരുതുന്ന തുരങ്കം കണ്ടെത്തി. ജമ്മുവിലെ ആർ എസ് പുര സെക്ടറിലാണ് 30 അടി നീളവും 10 അടി താഴ്ചയുമുള്ള തുരങ്കം ബി എസ് എഫ് കണ്ടെത്തിയത്.
 
അതിർത്തിക്കടുത്ത് ഗുഹാരൂപത്തിൽ മണ്ണെടുത്തത് അർദ്ധസൈനിക വിഭാഗത്തിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തുരങ്കം കണ്ടെത്തിയത്. പാകിസ്ഥാനിൽ നിന്നാണ് തുരങ്കത്തിന്റെ ആരംഭമെന്നും പ്രാഥമിക നിഗമനത്തിൽ തെളിഞ്ഞു. പാക്കിസ്ഥാനിൽ നിന്നും ജമ്മുവിലേക്ക് ഭീകരരെ കടത്തി വിടുന്നതിനും ആയുധങ്ങ‌ൾ എത്തിക്കുന്നതിനും വേണ്ടിയാകാം തുരങ്കം നിർമിച്ചതെന്നും ജമ്മു റേഞ്ച് ബിഎസ്എഫ് ഐജി രാകേഷ് ശർമ പറഞ്ഞു.
 
നുഴഞ്ഞുകയറ്റത്തിനുള്ള മാർഗമായിട്ടാണോ തുരങ്കം കുഴിച്ചതെന്നുറപ്പിക്കാൻ മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നാണ്  തുരങ്കത്തിന്റെ നിർമാണം പൂർത്തിയയിട്ടില്ല എന്ന് തിരിച്ചറിഞ്ഞത്. ആയതിനാൽ ഇന്ത്യയുടെ ഏത് ഭാഗത്താണ് തുരങ്കത്തിന്റെ അവസാനമെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം വ്യകതമാക്കി.
 
2012ൽ ജമ്മു കാശ്മീരിലും സാംബയിലും തുരങ്കം കണ്ടെടുക്കാൻ ബിഎസ്എഫ് ന് സാധിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് നിർമിച്ച നാലാമത്തെ തുരങ്കമാണ് ഇപ്പോൾ കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക