പശ്ചിമഘട്ടത്തില്‍ കീടനാശിനികള്‍ നിരോധിക്കില്ല; മേഖലയെ രണ്ടായി തിരിക്കണമെന്ന് കസ്തൂരിരംഗന്‍ കമ്മിറ്റി
ബുധന്‍, 17 ഏപ്രില്‍ 2013 (17:55 IST)
PRO
PRO
പശ്ചിമഘട്ടത്തില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നത് നിരോധിക്കില്ലെന്ന് കസ്തൂരിരംഗന്‍ കമ്മിറ്റി. കീടനാശിനികള്‍ നിരോധിക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. നേരത്തെ നിര്‍ദേശിക്കപ്പെട്ട പശ്ചിമഘട്ട സംരക്ഷണ അതോറിറ്റി വേണ്ടെന്ന നിര്‍ദേശവും കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്.
പശ്ചിമഘട്ടത്തെ പരിസ്ഥിതി മേഖല, ജനവാസ മേഖല എന്നിങ്ങനെ രണ്ടായി തിരിക്കണം. പശ്ചിമഘട്ടത്തില്‍ 60,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി വരുന്ന 37 ശതമാനം പ്രദേശം അതീവ പരിസ്ഥിതിപ്രാധാന്യമുള്ള മേഖലയായി കണ്ട് സംരക്ഷിക്കണമെന്നും നിര്‍ദേശിക്കുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ട്, കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയന്തി നടരാജന് സമര്‍പ്പിച്ചു.
പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയില്‍ ജനവാസം നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. നിലവിലെ സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതി പ്രായോഗികമല്ലെന്ന് കമ്മിറ്റി വ്യക്തമാക്കി. എന്നാല്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് ഇനിയും കേന്ദ്രത്തെ സമീപിക്കാമെന്നും പറയുന്നു. നിലവിലെ സാഹചര്യത്തില്‍ പദ്ധതിയോട് യോജിക്കാനാകില്ല. പരിസ്ഥിതി നാശത്തേക്കാള്‍ പദ്ധതിയിലൂടെ സാമ്പത്തിക ലാഭമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം.
പ്രശസ്ത പരിസ്ഥിതിശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പശ്ചിമഘട്ട സംരക്ഷണത്തിനായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവാദമുയര്‍ത്തിയിരുന്നു. ആ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഡോ കസ്തൂരിരംഗനെ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചത്.