പബ് സംസ്കാരം അനുവദിക്കില്ല

വ്യാഴം, 29 ജനുവരി 2009 (16:31 IST)
PTI
കര്‍ണാടകയില്‍ പബ് സംസ്കാരം അനുവദിക്കില്ല എന്ന് സംസ്ഥാന മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ വ്യാഴാഴ്ച വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച മംഗലാപുരത്തെ ഒരു പബില്‍ വച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ആക്രമണം വളരെ നിര്‍ഭാഗ്യകരമാണ്. എന്നാല്‍, ഇത്തരം പബ് സംസ്കാരം കര്‍ണാടകയില്‍ വളരാന്‍ അനുവദിക്കില്ല.

  കഴിഞ്ഞ ആഴ്ച മാംഗ്ലൂരിലെ ഒരു പബില്‍ വച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ആക്രമണം വളരെ നിര്‍ഭാഗ്യകരമാണ്. എന്നാല്‍, ഇത്തരം പബ് സംസ്കാരം കര്‍ണാടകയില്‍ വളരാന്‍ അനുവദിക്കില്ല.      
സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ആരെയും നിയമം കൈയ്യിലെടുക്കാനും അനുവദിക്കില്ല. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചു എന്നും യദ്യൂരപ്പ പറഞ്ഞു.

മംഗലാപുരം സംഭവത്തെ ഒരു പ്രാദേശിക സംഭവമായി ചിത്രീകരിക്കാനും യദ്യൂരപ്പ ശ്രമം നടത്തി. ശ്രീ രാമ സേനയ്ക്ക് ബിജെപിയുമായോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ ബന്ധമില്ല എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കാനും കര്‍ണാടക മുഖ്യമന്ത്രി മറന്നില്ല.

മാധ്യമങ്ങള്‍ സംഭവത്തിന് അമിത പ്രാധാന്യമാണ് നല്‍കുന്നതെന്ന് കുറ്റപ്പെടുത്തിയ യദ്യൂരപ്പ ബി ജെ പിക്ക് ലഭിക്കുന്ന മുന്‍‌തൂക്കം കോണ്‍ഗ്രസിന് ദഹിക്കാത്തതാണ് പ്രശ്നങ്ങള്‍ വഷളാക്കാന്‍ അവര്‍ ശ്രമിക്കുന്നതിന് കാരണെമെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

മംഗലാപുരം സംഭവവുമായി ബന്ധപ്പെടുത്തി ഇതുവരെ 33 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഡാലോചന, കലാപമുണ്ടാക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇവര്‍ക്കെതിരെ ‘ഗൂണ്ട’ നിയമം പ്രയോഗിക്കാനും ആലോചിക്കുന്നു എന്നും കര്‍ണാടക മുഖ്യന്‍ പറഞ്ഞു. സംഘടനയെ നിരോധിക്കുന്ന കാര്യം സംസ്ഥാന മന്ത്രി സഭ ചര്‍ച്ച ചെയ്യുമെന്നും യദ്യൂരപ്പ വ്യക്തമാക്കി.


വെബ്ദുനിയ വായിക്കുക