പതിനാലു വയസ്സുള്ള പെൺകുട്ടികളെ പൊലീസുകാർ നഗ്നരാക്കി പീഡിപ്പിക്കുന്നു; വെളിപ്പെടുത്തൽ നടത്തിയ വനിതാ ജെയിലർക്ക് സസ്പെൻഷൻ

തിങ്കള്‍, 8 മെയ് 2017 (11:48 IST)
ആദിവാസി പെൺകുട്ടികൾക്ക് നേരെ ഛത്തീസ്ഗഢ് പൊലീസ് നടത്തുന്ന ക്രൂരതകൾ വെട്ടിത്തുറന്ന് പറഞ്ഞ റായ്പൂര്‍ സെന്‍ട്രല്‍ ജെയില്‍ ഡെപ്യൂട്ടി ജെയിലര്‍ വര്‍ഷ ഡോണ്‍ഗ്രേയ്ക്ക് സസ്പെൻഷൻ. പൊലീസിന്റെ അതിക്രമങ്ങൾ കഴിഞ്ഞ ദിവസമാണ് വർഷ ഫെസ്ബുക്കിലൂടെ അറിയിച്ചത്. പോസ്റ്റ് ദേശീയമാധ്യമങ്ങൾ അടക്കം വാർത്തയാക്കിയതോടെയാണ് വർഷക്കെതിരെ നടപടി സ്വീകരിച്ചത്.
 
വെറും പതിനാലും പതിനാറും വയസ്സുള്ള ആദിവാസി പെണ്‍കുട്ടികളെ ഛത്തീസ്ഗഢ് പൊലീസ് പൊലീസ് സ്റ്റേഷനുകളിൽ വെച്ച് പീഡിപ്പിക്കാറുണ്ടെന്നായിരുന്നു വർഷ വെളിപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നരാക്കി അവരുടെ മാറിലും കൈകളിലും ഷോക്കടിപ്പിക്കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് നേരെ മൂന്നാംമുറ പ്രയോഗിക്കുന്നത് എന്തിനാണ്. ചെറിയ ആദിവാസി പെണ്‍കുട്ടികളെ പീഢിപ്പിക്കുന്നതിന് താൻ ദൃക്‌സാക്ഷിയാണെന്നും വർഷ വ്യക്തമാക്കിയിരുന്നു.
 
ആത്മപരിശോധന നടത്തേണ്ടത് നമ്മ‌ളാണ്. ബസ്തറില്‍ ഏത് വശത്തായാലും കൊല്ലപ്പെടുന്നത് നമ്മുടെ ആളുകളാണ്. മുതലാളിത്തത്തിന്റെ ശക്തിപ്രയോഗമാണ് ബസ്തറില്‍ നടക്കുന്നത്. ആദിവാസികള്‍ അവരുടെ ഭൂമിയില്‍ നിന്നും പുറത്താവുകയാണ്. അതിനായി അവരുടെ ഗ്രാമങ്ങള്‍ തീവെച്ച് നശിപ്പിക്കുന്നു. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നു. എല്ലാം ഭൂമിയും കാടും പിടിച്ചടക്കാന്‍ വേണ്ടിയാണെന്നും വർഷ ഫേസ്ബുക്കിൽ കുറിച്ചു. വിവാദമായതിനെ തുടര്‍ന്ന് വര്‍ഷ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക