പഞ്ചായത്തുകള്‍ എതിര്‍ത്ത ബോകൈ്‌സറ്റ് ഖനന പദ്ധതി നടപ്പിലാക്കുകില്ല; വീരപ്പ മൊയ്‌ലി
ബുധന്‍, 15 ജനുവരി 2014 (10:57 IST)
PTI
പഞ്ചായത്തുകള്‍ക്ക് എതിര്‍പ്പുള്ള പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കില്ലെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി എം വീരപ്പ മൊയ്‌ലി വ്യക്തമാക്കി. ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനിയായ വേദാന്തയ്ക്ക് ഒറീസയിലെ നിയാംഗിരി കുന്നുകളില്‍ ബോകൈ്‌സറ്റ് ഖനനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മൊയ്‌ലിയുടെ പ്രസ്താവന.
വേദാന്തയുടെ പദ്ധതി എല്ലാ പഞ്ചായത്തുകളും തള്ളി. പഞ്ചായത്തുകള്‍ തള്ളിയാല്‍ സര്‍ക്കാറിന് അതുമായി മുന്നോട്ടുപോകാനാവില്ലെന്ന് മൊലി പറഞ്ഞു. പഞ്ചായത്തുകള്‍ തള്ളിയ പദ്ധതിക്ക് അനുമതി നല്‍കേണ്ടെന്ന് സര്‍ക്കാര്‍ നിയമം തന്നെയുണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദോംഗ്രിയ കോന്ഥ് ഗോത്രത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന പ്രദേശമാണ് നിയാംഗിരി കുന്നുകള്‍. ഇവരുടെ 12 ഗ്രാമസഭകളും വേദാന്തയുടെ പദ്ധതിയെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് മൊയ്‌ലി കഴിഞ്ഞയാഴ്ച വേദാന്തയുടെ പദ്ധതി നിര്‍ദേശം തള്ളുകയായിരുന്നു.
നിയാംഗിരിയില്‍ 170 കോടി ഡോളറിന്റെ (14051 കോടി രൂപ) ബോകൈ്‌സറ്റ് ഖനന പദ്ധതിയാണ് വേദാന്ത വിഭാവനം ചെയ്തത്. വര്‍ഷം ഒരു ലക്ഷം ടണ്‍ ഉത്പാദനശേഷിയുള്ള അലുമിനിയം ശുദ്ധീകരണശാല കളഹണ്ടിയിലെ ലാഞ്ജിഗഢില്‍ സ്ഥാപിക്കാനുള്ള പദ്ധതിനിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി 5,000 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തിരുന്നു.
ഒഡിഷയില്‍ ദോംഗ്രിയ കോന്ഥുകള്‍ കൂടുതലുള്ള റായ്ഗഢ്, കളഹണ്ടി ജില്ലകളിലെ ഗ്രാമസഭകളുടെ തീരുമാനംവരുംവരെ പദ്ധതി നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. മൂന്നുമാസത്തിനകം തീരുമാനം അറിയിക്കണമെന്നായിരുന്നു ഗ്രാമസഭകള്‍ക്ക് കോടതി നല്‍കിയ നിര്‍ദേശം.